കന്നുകാലി മോഷ്ടാവെന്ന് സംശയിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ബിലാസ്പുര്‍ | കന്നുകാലി മോഷ്ടാവെന്നു സംശയിച്ച് നാല്‍പ്പത്തിയഞ്ചുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഛത്തീസ്ഗഢിലെ ഗൗരേ-പെന്ദ്ര-മാര്‍വാഹി ജില്ലയിലെ സാല്‍ഹേഘോറി ഗ്രാമത്തിലാണു സംഭവം. ആക്രമണത്തില്‍ മറ്റ് അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മധ്യപ്രദേശുകാരനായ സുരത് ബന്‍ജാരയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട ആറു പേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിനിരയായവര്‍ മധ്യപ്രദേശുകാരാണ്. ഗ്രാമവാസികളില്‍നിന്ന് വാങ്ങിയ നാലു എരുമകളെ മധ്യപ്രദേശുകാര്‍ വാഹനത്തില്‍ കൊണ്ടുപോകവേ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ഉടമകളെന്നു തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍, എരുമകളെ വാങ്ങിയവരുടെ കൈവശം രേഖകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റു ചില നാട്ടുകാരും ചേര്‍ന്ന് മധ്യപ്രദേശുകാരെ ആക്രമിക്കുകയായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് 22 പേര്‍ക്കെതിരെ കേസെടുത്തു.

