കോവിഡ് മൂന്നാം തരംഗം കൂടുതല്‍ ബാധിക്കുക കുട്ടികളെയും ഗ്രാമീണ മേഖലയേയും; കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

കോവിഡിന്റെ മൂന്നാം തരംഗം കൂട്ടികളേയും ഗ്രാമീണ മേഖലയേയുമാണ് കൂടുതല്‍ ബാധിക്കുകയെന്ന റിപ്പോര്‍ട്ടുകളില്‍ കേന്ദ്രത്തോട് വിവരങ്ങള്‍ തേടി സുപ്രീം കോടതി. വിഷയത്തില്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു. കോവിഡ് വാക്സിന് നയത്തിലും കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി കടുത്ത ചോദ്യങ്ങളാണ് ഉന്നയിച്ചത്.
വാക്സിന് ക്ഷാമത്തിനു പുറമെ, പല തരത്തിലാണ് വില ഈടാക്കുന്നത്. വാക്സിന് കിട്ടാന്‍ സംസ്ഥാനങ്ങള്‍ മത്സരിക്കട്ടെ എന്ന മട്ടില്‍ കേന്ദ്രം മാറിനില്ക്കുന്നു.
ഇന്റര്‍നെറ്റില്ലാത്ത ഗ്രാമീണരും ‘കോവിന്‍’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസ്ഥ. ഇതിന്റെയൊക്കെ യുക്തി എന്താണെന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്കകം മറുപടി സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചു.
വാക്സിന് ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍.എന്‍. റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച്. ഈ വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ എല്ലാവര്ക്കും വാക്സിന് നല്‍കാമെന്നാണ് കരുതുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, യുക്തിരഹിതമായ നയങ്ങള്‍ക്കിടയില്‍ ഇത് എങ്ങനെ സാധ്യമാവുമെന്ന സംശയമാണ് കോടതി പ്രകടിപ്പിച്ചത്. നയപരമായ കാര്യങ്ങള്‍ പരിശോധിക്കാന്‍ കോടതിക്ക് പരിമിത അധികാരം മാത്രമേയുള്ളൂവെന്ന് വാദിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ജസ്റ്റിസ് ചന്ദ്രചൂഡ് ശക്തമായി നേരിട്ടു.
രാജ്യത്ത് എന്തു നടക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയണം. സര്‍ക്കാര്‍ നയത്തിന്റെ യുക്തി മനസ്സിലാകാന്‍ ഫയലുകള്‍ കോടതിക്ക് കാണണം. ഈ രീതിയില്‍ വിഷയത്തെ കോടതി സമീപിക്കുന്നത് വാക്സിന് വിതരണ നടപടി തടസ്സപ്പെടുത്തുമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല.

