നയം മാറ്റണം, വാക്‌സിന്‍ സൗജന്യമാക്കണം- രോഗ കിടക്കയില്‍ നിന്ന് ശശി തരൂരിന്റെ വീഡിയോ

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകണമെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിൽ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ശശി തരൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കോവിഡ് ബാധയുടെ സങ്കീർണതകൾ അനുഭവിച്ചുകൊണ്ട് രോഗക്കിടക്കയിലാണ് ഞാൻ. ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകുമെന്ന സർക്കാരിന്റെ പ്രസ്താവന കണ്ടിരുന്നു. വാക്സിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ സർക്കാർ എങ്ങനെയാണ് ഇത് സാധ്യമാക്കുക എന്ന് ഞാൻ അത്ഭുതപ്പെടുന്നു, ശശി തരൂർ പറഞ്ഞു.
നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യവ്യാപകമായി സൗജന്യ വാക്സിനേഷൻ നടപ്പാക്കുന്നതിന് ഉതകുന്ന വിധത്തിൽ സർക്കാരിന്റെ വാക്സിൻ നയത്തിൽ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കോൺഗ്രസിന്റെ പ്രചാരണ പരിപാടിയെ ഞാൻ പിന്തുണയ്ക്കുന്നു. അന്യായമായ വിലയ്ക്ക് വാക്സിൻ വാങ്ങാൻ സംസ്ഥാന സർക്കാരുകളും സ്വകാര്യ ആശുപത്രികളും മറ്റു സ്ഥാപനങ്ങളും വിപണിയിൽ മത്സരിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്രസർക്കാർ ന്യായമായ വിലയ്ക്ക് വാക്സിൻ വാങ്ങുകയും ജനങ്ങൾക്ക് സൗജന്യമായി കൊടുക്കുകയുമാണ് വേണ്ടത്. വാക്സിനേഷൻ സംബന്ധിച്ച് ആദ്യകാലം മുതലുള്ള നയം ഇതാണ്, ശശി തരൂർ വീഡിയോയിൽ പറഞ്ഞു.
രാജ്യത്തെ കോവിഡിൽനിന്ന് രക്ഷിക്കാൻ എല്ലാവർക്കും സൗജന്യമായ വാക്സിൻ നൽകുന്ന നയമാണ് നമുക്ക് വേണ്ടത്. ഞാൻ വളരെയധികം പ്രയാസങ്ങൾ അനുഭവിച്ചു. അതിന്റെ ഒരംശം പോലുമോ അതിനേക്കാൾ കൂടുതലായോ ഒരാളും അനുഭവിക്കരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, ശശി തരൂർ പറഞ്ഞു.
ഡിസംബറോടെ ഇന്ത്യയിൽ എല്ലാവർക്കും വാക്സിൻ വിതരണം പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വാക്സിൻ ലഭ്യത സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അതേസമയം, ജൂലായ് മധ്യത്തോടെയോ ഓഗസ്റ്റ് ആദ്യമോ പ്രതിദിനം ഒരു കോടി വാക്സിനുകൾ ലഭ്യമാകുമെന്ന് ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവ ഇന്നലെ പറഞ്ഞു.
See the latest COVID-19 information on Twitter
My message from my Covid sickbed:
#SpeakUpForFreeUniversalVaccination

