KSDLIVENEWS

Real news for everyone

ജില്ലയിൽ ട്രോളിങ് നിരോധനം 9 മുതൽ; 52 ദിവസത്തെ നിരോധനം ജൂലൈ 31ന് അവസാനിക്കും, നിയന്ത്രണങ്ങൾ ഇങ്ങനെ

SHARE THIS ON

കാസർകോട് ∙ ട്രോളിങ് നിരോധനം 9ന് അർധരാത്രി 12 മണി മുതൽ ആരംഭിക്കും. 52 ദിവസക്കാലത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവിൽ യന്ത്രവൽകൃത ബോട്ടുകൾ ഒന്നുംതന്നെ കടലിൽ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. ട്രോളിങ് നിരോധനം സംബന്ധിച്ചുള്ള നടപടികൾ ചർച്ച ചെയ്യാൻ കലക്ടർ ഡി.സജിത്ബാബുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലയിലെ രക്ഷാബോട്ട് മഞ്ചേശ്വരത്ത് കേന്ദ്രീകരിക്കാൻ കലക്ടർ നിർദേശിച്ചു.  ട്രോളിങ് സമയത്ത് ഇതര സംസ്ഥാനത്ത് നിന്നുമുള്ള ബോട്ടുകളെ കേരളതീരത്ത് മത്സ്യബന്ധനം നടത്താൻ അനുവദിക്കില്ല. കർശന പരിശോധന നടത്താനും പട്രോളിങ് ബോട്ട് മഞ്ചേശ്വരത്തേക്ക് മാറ്റാനും യോഗം തീരുമാനിച്ചു. കീഴൂരിലെ ഫിഷറീസ് സ്റ്റേഷൻ  ആവശ്യത്തിന് ജീവനക്കാരെ അനുവദിച്ച് പ്രവർത്തനം ആരംഭിക്കണമെന്നും ജില്ലയ്ക്ക് സ്ഥിരമായി രക്ഷാബോട്ട് അനുവദിക്കണമെന്നും തൊഴിലാളി യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.  നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കെഎംഎഫ്ആർ നിയമം പ്രകാരംകർശന നിയമ നടപടികൾ കൈക്കൊള്ളാൻ യോഗം തീരുമാനിച്ചു. അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് 04672202537 എന്ന കൺട്രോൾ റൂം നമ്പറിലും 9496007034 എന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ റമ്പറിലും ബന്ധപ്പെടാം.ഫിഷറീസ്  ഡപ്യൂട്ടി ഡയറക്ടർ പി.വി.സതീശൻ, ജില്ലാ പൊലീസ് മേധാവി പി.ബി.രാജീവ്,  മത്സ്യഫെഡ് ജില്ലാ മാനേജർ കെ.എച്ച്.ഷെരീഫ്, യു.എസ്.ബാലൻ, കാറ്റാടി കുമാരൻ, ആർ.ഗംഗാധരൻ എന്നിവർ പങ്കെടുത്തു. നിയന്ത്രണങ്ങൾ ഇങ്ങനെ: ∙ കേരളതീരത്ത് മത്സ്യബന്ധം നടത്തുന്ന ഇതര സംസ്ഥാന ബോട്ടുകൾ ഒമ്പതിന് മുമ്പായി കേരളതീരം വിട്ടുപോകണം. ∙ 2 വള്ളങ്ങൾ ഉപയോഗിച്ചുളള പെയർ ട്രോളിങ് അഥവാ ഡബിൾ നെറ്റ്, കൃത്രിമവെളിച്ചം ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, ജുവനൈൽ ഫിഷിങ് എന്നിവ കർശനമായി നിരോധിച്ചു. ∙ പരമ്പരാഗത വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുമ്പോൾ സാമൂഹിക അകലം നിർബന്ധമാണ്. ഇൻബോർഡ് വള്ളങ്ങളിൽ 30 പേരും കരിയർ വള്ളങ്ങളിൽ അഞ്ച് പേരും മാത്രമേ മത്സ്യബന്ധനം നടത്തുവാൻ പാടുളളൂ. ∙ ട്രോളിങ് നിരോധനം തുടങ്ങുന്ന 9ന് അർധരാത്രി 12ന് മുമ്പായി എല്ലാ യന്ത്രവൽകൃതയാനങ്ങളും ഹാർബറുകളിൽ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലൈ 31ന് അർധരാത്രി 12 മണിക്കുശേഷം മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടുവാൻ പാടുളളൂ. സമയക്രമം പാലിക്കാത്ത ബോട്ടുകൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും. ∙മൺസൂൺ കാലയളവിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുന്ന എല്ലാ യാനങ്ങളിലും മതിയായ സുരക്ഷാ ഉപകരണങ്ങൾ, മത്സ്യത്തൊഴിലാളികളുടെ കൈവശം ബയോമെട്രിക് കാർഡ് എന്നിവ കരുതണം. മുന്നറിയിപ്പുകൾ അനുസരിച്ച് മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടാവൂ. ∙കടലിൽ സംഭവിക്കുന്ന എല്ലാവിധ അപകടങ്ങളും യഥാസമയം കാഞ്ഞങ്ങാട് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾറൂമിൽ വിളിച്ചറിയിക്കണം. ∙ലേലം ഒഴിവാക്കി മാത്രമേ മത്സ്യവിൽപന നടത്തുവാൻ അനുമതിയുള്ളു.

MORE IN KASARGOD

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!