KSDLIVENEWS

Real news for everyone

അധ്യാപകരില്ലാത്ത വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ എടുക്കാനായി ജില്ലയിൽ  അധ്യാപക പരിശീലനം നേടിയവരെ  നിയമിക്കുന്നു.

SHARE THIS ON

കാസർകോട് ∙ അധ്യാപകരില്ലാത്ത വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ എടുക്കാനായി ജില്ലയിൽ അധ്യാപക പരിശീലനം നേടിയവരെ നിയമിക്കുന്നു. കഴിഞ്ഞ വർഷം അധ്യാപക പരിശീലനം പൂർത്തിയാക്കിയവരെയും ഈ വർഷം പഠനം നടത്തുന്ന അവസാന വർഷ അധ്യാപക വിദ്യാർഥികളെയുമാണു വേതനമില്ലാതെ നിയമിക്കുന്നത്. എന്നാൽ നിയമന ഉത്തരവ് ലഭിച്ചവരെയും എല്ലാവിധ യോഗ്യതയുള്ളവരെയും ഒഴിവാക്കി മറ്റുള്ളവരെ സൗജന്യമായി നിയമിക്കാനുള്ള നീക്കത്തിനെതിരെ അധ്യാപക സംഘടനകൾ അടക്കം പ്രതിഷേധത്തിലാണ്. ജില്ലാ വിദ്യാഭ്യാസ ഉപഡയറകടർ കെ.വി.പുഷ്പയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വിദ്യാഭ്യാസ സമിതി യോഗത്തിലാണു നിർദേശം ഉയർന്നത്. നാളെ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമാകും. ജില്ലയിൽ അധ്യാപക ക്ഷാമം രൂക്ഷമാണെന്നു വിദ്യാഭ്യാസ സമിതി യോഗം വിലയിരുത്തി. ഇതു മറികടക്കാൻ നിലവിലെ സാഹചര്യത്തിൽ ഇതല്ലാതെ മറ്റൊരു മാർഗമില്ലാത്തതിനാലാണു ഇവരെ നിയമിക്കാനായി ആലോചിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം അധ്യാപക പരിശീലനം പൂർത്തിയാക്കിയവർക്കു മുൻഗണന നൽകണമെന്നും ഇതിനായി ജില്ലയിലെ ബിഎഡ് സെന്ററുകൾ, ടിടിസികളിൽ എന്നിവിടങ്ങളിലുള്ള ഒരു അധ്യാപകനെ നോഡൽ ഓഫിസറായി നിയമിക്കാനും ഇവർ കഴിഞ്ഞ വർഷം അധ്യാപക പഠനം പൂർത്തിയാക്കിയവരെയും ഇപ്പോൾ പഠിക്കുന്ന അവസാന വർഷം വിദ്യാർഥികളെയും ഉൾപ്പെടുത്തി പട്ടിക തയാറാക്കണമെന്നു യോഗം നിർദേശിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഗൂഗിൾ ഷീറ്റ് തയാറാക്കി നൽകും. ഓൺലൈൻ ക്ലാസ് എടുക്കുന്ന ഇവർക്കു മൊബൈൽ റീചാർജിനുള്ള തുക ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരായും ചർച്ച ചെയ്തു പിടിഎ കമ്മിറ്റികൾ മുഖാന്തിരം നൽകണമെന്നും ക്ലാസ് എടുക്കുന്നവർക്കു പ്രധാനാധ്യാപകൻ സർവീസ് സർട്ടിഫിക്കറ്റും ജില്ലാതലത്തിൽ ബഹുമതി പത്രവും നൽകാവുന്നതാണെന്നും യോഗത്തിൽ നിർദേശം ഉണ്ടായി. ഡയറ്റ് പ്രിൻസിപ്പൽ, ഡയറ്റ് ഫാക്കൽറ്റി, അധ്യാപക പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽമാർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ–ഓർഡിനേറ്റർമാർ തുടങ്ങിയവരാണു യോഗത്തിൽ പങ്കെടുത്തത്. ജില്ലയിൽ എൽപി മുതൽ ഹയർസെക്കൻഡറി വരെ അറൂനൂറോളം അധ്യാപകരുടെ ഒഴിവുകളാണുള്ളത്. വിക്ടേഴ്സ് ചാനലുകളിൽ ക്ലാസുകൾ ഉണ്ടെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ക്ലാസുകൾ നടത്തണമെങ്കിൽ ജില്ലയിലെ മിക്ക വിദ്യാലയങ്ങളിലും അധ്യാപകരുടെ ഒഴിവുകൾ ഏറെയുള്ളതിനാൽ സാധിക്കുന്നില്ല. അതേ തുടർന്നാണു ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. എന്നാൽ നിയമന ഉത്തരവ് ലഭിച്ചവരെയും താൽക്കാലിക അധ്യാപകരായി വർഷങ്ങളായി ജോലി ചെയ്യുന്നവരെയും നോക്കുകുത്തിയാക്കി അധിക യോഗ്യത പോലുമില്ലാത്തവരെ പഠനപ്രവർത്തനങ്ങൾക്കു നിയോഗിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!