വ്യാപാരമേഖലയിൽ സർക്കാർ നിയന്ത്രണം കടുപ്പിക്കുന്നതിനെതിരെ കടകളടച്ച് വ്യാപാരികളുടെ നിൽപ്പുസമരം നാളെ

കാസർകോട്: വ്യാപാരമേഖലയിൽ സർക്കാർ നിയന്ത്രണം കടുപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി. കട തുറക്കാൻ അനുവാദമില്ലാത്ത വ്യാപാരികൾക്ക് ഐക്യദാർഢ്യമായും സമയക്രമം പാലിച്ച് മുഴുവൻ കടകളും തുറക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച കടകൾ പൂർണമായി അടച്ചിട്ട് വ്യാപാരികൾ നിൽപ്പുസമരം നടത്തും. യൂണിറ്റ് പരിധികളിലെ മുഴുവൻ സർക്കാർ ഓഫീസുകൾക്ക് മുൻപിലും പ്രധാന കവലകളിലും വ്യാപാരികളുടെ വീടുകളിലും കോവിഡ് ചട്ടം പാലിച്ചായിരിക്കും 11 മുതൽ 12 വരെ നിൽപ്പുസമരം.
മെഡിക്കൽ ഷോപ്പുകൾ ഒഴികെ മറ്റെല്ലാ കടകളും ഈ ദിവസം തുറക്കില്ല. ഒന്നരവർഷമായി വ്യാപാര മേഖല കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കെ കോവിഡിന്റെ രണ്ടാംവരവോടെ തുടങ്ങിയ ലോക്ഡൗൺ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് വ്യാപാര മേഖലയെ രൂക്ഷമായ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരുമാസമായി കടകൾ തുറന്നുനോക്കാൻ പോലും കഴിയാത്ത വ്യാപാരികൾ നിരവധിയാണ്. അശാസ്ത്രീയമായ നിബന്ധനകളാണ് പലേടത്തും അധികൃതർ വ്യാപാരമേഖലയിൽ അടിച്ചേൽപ്പിക്കുന്നത്. ഇതുമൂലം വ്യാപാരികൾ കടകൾ തുറക്കാനാവാതെ കടംമൂത്ത് പട്ടിണിയുടെയും ആത്മഹത്യയുടെയും വക്കിലാണെന്നും സമരവുമായി സഹകരിക്കണമെന്നും കെ.വി.വി.ഇ.എസ്. ജില്ലാ പ്രസിഡൻറ് കെ.അഹമ്മദ് ഷെരീഫ്, ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി, ജില്ലാ ഖജാൻജി മാഹിൻ കോളിക്കര എന്നിവർ അഭ്യർഥിച്ചു

