KSDLIVENEWS

Real news for everyone

ഇരട്ട ഗോളുകളുമായി ലുക്കാക്കു, റഷ്യയെ തകര്‍ത്ത് രാജകീയ വിജയം സ്വന്തമാക്കി ബെല്‍ജിയം

SHARE THIS ON

സെയ്ന്റ് പീറ്റേഴ്സ്ബർഗ്: യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ റഷ്യയ്ക്കെതിരേ ബെൽജിയത്തിന് തകർപ്പൻ വിജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് ലോക ഒന്നാം നമ്പർ ടീം വിജയിച്ചു കയറിയത്. യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ആധികാരിക വിജയം നേടാൻ ലുക്കാക്കുവിനും സംഘത്തിനും സാധിച്ചു. ബെൽജിയത്തിനായി സൂപ്പർ താരം റൊമേലു ലുക്കാക്കു ഇരട്ട ഗോളുകൾ നേടിയപ്പോൾ പകരക്കാരനായി ഇറങ്ങിയ തോമസ് മ്യുനിയർ മറ്റൊരു ഗോൾ സ്വന്തമാക്കി. മത്സരം ആരംഭിച്ചപ്പോൾ തൊട്ട് ബെൽജിയം റഷ്യയ്ക്ക് മേൽ ആധിപത്യം പുലർത്തി. 10-ാം മിനിട്ടിൽ സൂപ്പർ താരം റൊമേലു ലുക്കാക്കുവിലൂടെ ബെൽജിയം ലീഡെടുത്തു. ബോക്സിനകത്ത് ലഭിച്ച പാസ് മനോഹരമായി കാലിൽ കുരുക്കിയ ലുക്കാക്കു റഷ്യൻ ഗോൾകീപ്പർ ഷുനിന് ഒരു സാധ്യതയും നൽകാതെ പന്ത് വലയിലെത്തിച്ചു. റഷ്യൻ പ്രതിരോധ താരം സെമെനോവിന്റെ പിഴവിൽ നിന്നാണ് ലുക്കാക്കു പന്ത് പിടിച്ചെടുത്തത്. അതിനുപിന്നാലെ കളിക്കളത്തിൽ പരിക്കേറ്റ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സണെ സ്മരിച്ച് ലുക്കാക്കു ക്യാമറയെ നോക്കി ക്രിസ് ഐ ലവ് യു എന്ന് പറഞ്ഞ് ഗോൾ നേട്ടം ആഘോഷിച്ചു. ഇന്റർ മിലാനിൽ ലുക്കാക്കുവിന്റെ സഹതാരമാണ് എറിക്സൺ. ഗോൾ വഴങ്ങിയതിനുപിന്നാലെ റഷ്യ ഉണർന്നു കളിച്ചതോടെ കളി ആവേശത്തിലായി. 16-ാം മിനിട്ടിൽ ബെൽജിയത്തിന്റെ ഡെൻഡോൻകറിന് ഒരു മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാനായില്ല. രഷ്യൻ ഗോൾമുഖത്ത് നിരന്തരം ഭീതി പരത്തി ലുക്കാക്കു മികച്ച പ്രകടനം പുറത്തെടുത്തു. 22-ാം മിനിട്ടിൽ ലുക്കാക്കുവിന്റെ പാസ്സിൽ നിന്നും മികച്ച ഒരു ഗോളവസരം തോർഗാൻ ഹസാർഡിന് ലഭിച്ചെങ്കിലും റഷ്യൻ ഗോൾകീപ്പർ ഷുനിൻ അത് തട്ടിയകറ്റി. 26-ാം മിനിട്ടിൽ ഹെഡ് ചെയ്യുന്നതിനിടേ കൂട്ടിയിടിച്ച റഷ്യയുടെ ഡാലർ കുസ്യായേവും ബെൽജിയത്തിന്റെ തിമോത്തി കാസ്റ്റാഗ്നെയും പരിക്കേറ്റ് പുറത്തായതോടെ ഇവർക്ക് പകരം പകരക്കാർ ഇറങ്ങി. ബെൽജിയത്തിനായി തോമസ് മ്യുനിയറും റഷ്യയ്ക്കായി ഡെനിസ് ചെറിഷേവും കളത്തിലിറങ്ങി. പകരക്കാരനായി ഇറങ്ങിയ ഉടൻ തന്നെ 34-ാം മിനിട്ടിൽ ഗോളടിച്ച് മ്യുനിയർ വരവ് ഗംഭീരമാക്കി. യൂറോകപ്പിലെ ഒരു മത്സരത്തിൽ ആദ്യ പകുതിയിൽ പകരക്കാരനായി വന്ന് ഗോൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് ഈ ഗോളിലൂടെ മ്യുനിയർ സ്വന്തമാക്കി. പോസ്റ്റിലേക്കുയർന്നുവന്ന ഷോട്ട് റഷ്യൻ ഗോൾകീപ്പർ ഷുനിൻ തട്ടിയകറ്റി. എന്നാൽ പന്ത് നേരെ ചെന്നത് മ്യൂനിയറുടെ അടുത്തേക്കാണ്. അത് വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേ മ്യൂനിയർക്കുണ്ടായിരുന്നുള്ളൂ. ഇതോടെ ബെൽജിയം 2-0 എന്ന സ്കോറിന് മുന്നിലെത്തി. ആദ്യ പകുതിയിൽ ഈ ലീഡ് ബെൽജിയം നിലനിർത്തി. രണ്ടാം പകുതിയിൽ ഫോർമേഷനിൽ മാറ്റങ്ങൾ വരുത്തി ആക്രമിച്ച് കളിക്കാനാണ് റഷ്യ ശ്രമിച്ചത്. എന്നാൽ ടീമിന്റെ ശ്രമങ്ങൾ പാറപോലെ ഉറച്ചുനിന്ന ബെൽജിയം പ്രതിരോധം ശിഥിലമാക്കി. രണ്ടാം പകുതിയിൽ പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് ബെൽജിയം പുറത്തെടുത്തത്. രണ്ടാം പകുതിയിൽ ഡ്രൈസ് മെർടെൻസിനെ പിൻവലിച്ച് സൂപ്പർ താരം ഈഡൻ ഹസാർഡിനെ ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനെസ് ഇറക്കി. ഹസാർഡും ലുക്കാക്കുവുമെല്ലാം അണിനിരന്നിട്ടും പ്രതിരോധത്തിൽ മാത്രമാണ് ബെൽജിയം ശ്രദ്ധിച്ചത്. രണ്ടാം പകുതിയിൽ റഷ്യ നന്നായി കളിച്ചെങ്കിലും ബെൽജിയം പ്രതിരോധത്തിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഒടുവിൽ 88-ാം മിനിട്ടിൽ മികച്ച ഒരു കൗണ്ടർ അറ്റാക്കിലൂടെ ലുക്കാക്കു ബെൽജിയത്തിന്റെ ഗോൾനേട്ടം പൂർത്തിയാക്കി. മത്സരത്തിലെ രണ്ടാം ഗോൾ നേടിയ താരം കഴിഞ്ഞ 15 മത്സരങ്ങൾക്കിടെ ബെൽജിയത്തിനായി നേടുന്ന 19-ാം ഗോളാണിത്. പിന്നാലെ മത്സരം ബെൽജിയം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!