KSDLIVENEWS

Real news for everyone

മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകാൻ മുമ്പും വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്ന് കേന്ദ്രം

SHARE THIS ON

ന്യൂഡൽഹി: മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന് എതിരെ മുസ്ലിം ലീഗ് നൽകിയ അപേക്ഷ തള്ളണമെന്ന് കേന്ദ്ര സർക്കാർ. മുമ്പ് അഞ്ച് തവണ സമാനമായ വിജ്ഞാപനം ഇറക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. മെയ് മാസം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന് പൗരത്വ ഭേദഗതി നിയമവും ആയി ബന്ധമില്ല എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം മെയ് 29 ന് പുറത്ത് ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നൽകിയ അപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനം അല്ല വിജ്ഞാപനം. നിയമപരമായി ഇന്ത്യയിൽ എത്തിയവർക്കും ഇന്ത്യൻ വിസ ഉള്ളവർക്കും മാത്രമേ പൗരത്വം ലഭിക്കുകയുള്ളു എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വത്തിനുള്ള അപേക്ഷകളിൽ തീരുമാനം എടുക്കാനുള്ള അധികാരം ജില്ലാ കളക്ടർമാർക്ക് നൽകലാണ് പുതിയ വിജ്ഞാപനത്തിന്റെ ലക്ഷ്യം. അധികാര വികേന്ദ്രികരണത്തിലൂടെ അപേക്ഷകളിൽ വേഗത്തിൽ തീരുമാനം എടുക്കാൻ കഴിയും. പൗരത്വം നൽകുന്നതിന് നിലവിലുള്ള ഏതെങ്കിലും നിയമം ഭേദഗതി ചെയ്യുന്നത് അല്ല വിജ്ഞാപനം. എല്ലാ മത വിഭാഗങ്ങളിൽ പെട്ട വിദേശിയർക്കും ഇന്ത്യയിൽ പൗരത്വത്തിന് അപേക്ഷിക്കാം. ആ അപേക്ഷകൾ എല്ലാം കേന്ദ്ര സർക്കാർ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും എന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാൻ, ചത്തീസ്ഗഡ്, ഹരിയാണ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അഭയാർഥികളായി താമസിക്കുന്നവർക്കാണ് പൗരത്വത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചത്. ഹിന്ദു , സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്സി വിഭാഗത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് അപേക്ഷിക്കാം എന്നാണ് മെയ് 29 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ മുസ്ലിം മത വിഭാഗത്തിൽ പെട്ടവരെ ഒഴിവാക്കി പൗരത്വം നൽകുന്നത് ഭരണഘടനാ വിരുദ്ധം ആണെന്ന് ചൂണ്ടിക്കാട്ടി ആണ് അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖേന ലീഗ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!