KSDLIVENEWS

Real news for everyone

കോവാക്‌സിൻ തീർന്നു : ജില്ലയിൽ രണ്ടാം ഡോസ് കാത്ത്‌ 3000 പേർ

SHARE THIS ON

കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് പ്രതിരോധ മരുന്നായ കോവാക്സിൻ തീർന്നിട്ട് 11 ദിവസമാകുന്നു. ഈ മരുന്ന് ഒന്നാം ഡോസ് ആയി എടുത്തവർക്കു രണ്ടാം ഡോസിന്റെ സമയം കഴിഞ്ഞു. രണ്ടാമത്തെ കുത്തിവെപ്പിനായി അതതു കേന്ദ്രങ്ങളിലെത്തുന്നവരോട് മരുന്നില്ലെന്ന്‌ പറഞ്ഞ്‌ മടക്കുകയാണ്. ഈ മാസം ഒൻപതിനാണ് അവസാനമായി കോവാക്സിൻ കുത്തിവച്ചത്. ഇതിനുമുൻപ് ജില്ലയിൽ കോവാക്‌സിന്റെ സ്റ്റോക്ക് പലതവണ തീർന്നിരുന്നു. ആ സമയത്തെല്ലാം അധികം വൈകാതെ മരുന്ന് എത്തുകയുംചെയ്തു. രണ്ടാംതവണ കുത്തിവയ്ക്കാനുള്ള സന്ദേശം കിട്ടിയവരാണ് കുത്തിവെപ്പ് കേന്ദ്രത്തിലെത്തുന്നത്. ഒന്നാം ഡോസ് കോവാക്‌സിനായതിനാൽ രണ്ടാം ഡോസും ഇതേ മരുന്ന് തന്നെ കുത്തിവെക്കണമെന്നതിനാൽ എല്ലാവരും ആശങ്കയിലാണ്. ഇനിയും എത്രദിവസം നീണ്ടുപോകുമെന്ന്‌ ചോദിച്ചും സമയം കഴിഞ്ഞ് കുത്തിവച്ചാൽ മതിയോയെന്ന സംശയവുമുന്നയിച്ചും നിരവധിപ്പേരാണ് ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരെ വിളിക്കുന്നത്. ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞവർ ശനിയാഴ്ചത്തെ കണക്കനുസരിച്ച് 3000 പേർ ബാക്കിയുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആയിരം പേർ കൂടി അധികമാകും. 35,000ത്തോളം പേർക്കാണ് ആദ്യഘട്ട കോവാക്‌സിൻ നൽകിയത്. അന്ന്‌ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവരുൾപ്പെടെ പകുതിയിലേറെ പേർ ജില്ലക്ക്‌ പുറത്തുള്ളവരാണ്. അതിനാൽ രണ്ടാംഘട്ട ഡോസ് എടുക്കേണ്ടവർ വളരെ കുറവാണ്. അതുകൊണ്ടുതന്നെ രണ്ടാമത്തെ കുത്തിവെപ്പിനുള്ള കോവാക്‌സിന്റെ സ്റ്റോക്ക് അധികം വേണ്ടിവരില്ല. പതിനായിരം ഡോസ് എത്തിയാൽ തന്നെ രണ്ടാം കുത്തിവെപ്പ് പൂർത്തിയാകുമെന്ന് ഡോക്ടർമാർ പറയുന്നു. അതേസമയം കിടപ്പുരോഗികൾക്കുള്ള 40 ഡോസ് കോവാക്‌സിൻ കൈയിലുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഷീൽഡ് ബാക്കിയുള്ളത് 2370 ഡോസ് :​കോവിഷീൽഡ് 2370 ഡോസ് ആണ് ജില്ലയിൽ ബാക്കിയുള്ളത്. കഴിഞ്ഞദിവസം 4700 ഡോസ് ഉണ്ടായിരുന്നു. ശനിയാഴ്ച വാക്സിനേഷൻ കേന്ദ്രങ്ങൾ കുറവായിരുന്നു. എന്നിട്ടും 2330 ഡോസ് തീർന്നു. തിങ്കളാഴ്ച കാൽലക്ഷം ഡോസ് എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതുവരെ 4,10,581 പേർക്ക് ആദ്യ ഡോസും 95,401 പേർക്ക് രണ്ടാം ഡോസും നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!