ഖത്തറിൽ നിന്നയച്ച പാർസൽ ഉടമസ്ഥന് നൽകിയില്ല കാസർകോട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി

കാസർകോട് : ഖത്തറിൽ നിന്നു കൊടുത്തയച്ച സാധനം ഉടമസ്ഥനു കൈമാറിയില്ല . ഉടമസ്ഥൻ നിയോഗിച്ച സംഘം എത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു . സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു . ഇന്നലെ രാത്രി കാസർകോട് ടൗണിലാണ് സംഭവം . നേരത്തെ ഖത്തറിൽ ആയിരുന്ന യുവാവാണ് അക്രമത്തിനു ഇരയായത് . ഇന്നലെ രാത്രി ഏതോ ആവശ്യത്തിനു ടൗണിൽ എത്തിയതായിരുന്നു പ്രസ്തുത യുവാവ് . ഈ വിവരമറിഞ്ഞ് എത്തിയ ഒരു സംഘം കാറുമായെത്തി യുവാവിനെ തട്ടികൊണ്ടുപോയി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് ടൗൺ പൊലീസിനു ലഭിച്ചിട്ടുള്ള വിവരം . ഇതേ വിവരം യുവാവ് പൊലീസ് സ്റ്റേഷനിലും അറിയിച്ചിട്ടുണ്ട് . യുവാവിനോട് ഇന്നു പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട് . മൊഴിയെടുത്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു

