ഡല്‍ഹിയുടെ ദൂരവും ഹൃദയത്തിന്റെ ദൂരവും ഇല്ലാതാക്കും;കശ്മീര്‍ നേതാക്കളോട് മോദി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദയുടെ നേതൃത്വത്തിൽ നടത്തിയ സുപ്രധാന സർവക്ഷി യോഗം അവസാനിച്ചു. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ താൻ പ്രതിജ്ഞബദ്ധനാണെന്ന് മോദി ഉറപ്പ് നൽകിയതായി മൂന്ന് മണിക്കൂറോളം നീണ്ട സർവകക്ഷിയോഗത്തിന് ശേഷം നേതാക്കൾ പ്രതികരിച്ചു. | നിർണായക യോഗത്തിൽ ഡൽഹിയിൽ നിന്നും ഹൃദയത്തിൽ നിന്നുമുള്ള ദൂരം വേഗത്തിൽ ഒഴിവാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനന്ത്രി കശ്മീർ നേതാക്കളോട് പറഞ്ഞു. കശ്മീരിന്റെ പുരോഗതിയും ഭാവിയും ചർച്ച ചെയ്യുന്നതിനായി വിളിച്ച യോഗത്തിൽ പങ്കെടുത്ത എല്ലാ നേതാക്കളിൽ നിന്നും പ്രധാനമന്ത്രി നിർദേശങ്ങൾ കേട്ടു. പങ്കെടുത്ത എല്ലാവരും സത്യസന്ധമായ അഭിപ്രായങ്ങൾ പങ്കുവെച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീര്‍ റിയല്‍ എസ്‌റ്റേറ്റിന്റെ ഭാഗമല്ല- ചിദംബരം | നാല് മുഖ്യമന്ത്രിമാർ ഉൾപ്പടെ എട്ട് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 14 നേതാക്കൾ സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിലുണ്ടായിരുന്നു. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ട ശേഷം ജമ്മുകശ്മീരിനെ ആദ്യമായി തിരഞ്ഞെടുപ്പിന് പ്രപ്തമാക്കുന്നതിനായി മണ്ഡല പുനക്രമീകരണങ്ങൾ നടത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയത് പോലെ നിയമസഭാ തിരഞ്ഞെടുപ്പും നടത്താൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2019 ഓഗസ്ത് 5 നാണ് കേന്ദ്രസർക്കാർ കശ്മീരിന്റെ പ്രത്യേക പദവി പിൻവലിക്കുകയും ജമ്മു ആൻഡ് കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തത്. മുൻ മുഖ്യമന്ത്രിമാരെയടക്കമുള്ള കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയായിരുന്നു കേന്ദ്ര സർക്കാർ ഈ നടപടികളിലേക്ക് കടന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് നേതാക്കളെ മോചിപ്പിച്ചത്. ഇതിന് ശേഷം ആദ്യമായിട്ടാണ് കശ്മീർ നേതാക്കളുമായി കേന്ദ്ര സർക്കാർ കൂടിയാലോചന നടത്തുന്നത്.

