അനധികൃത പാർക്കിങ്: കാസർഗോഡ് 125 വാഹനങ്ങൾക്കെതിരേ നടപടി

വിദ്യാനഗർ: മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ നിരോധിത മേഖലയിൽ നിർത്തിയിട്ടിരുന്ന 125 വാഹന ഉടമകൾക്കെതിരേ നടപടി. 31,250 രൂപ പിഴ ഈടാക്കി. വ്യാഴാഴ്ച ചെർക്കളമുതൽ കാസർകോട് പഴയ ബസ്‌സ്റ്റാൻഡുവരെ നടത്തിയ പ്രത്യേക പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്. എൻഫോഴ്‌സമെന്റ് ആർ.ടി.ഒ. ടി.എം. ജെഴ്‌സണിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നോ പാർക്കിങ് ബോർഡുകൾക്ക് സമീപത്തായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്ത വാഹനങ്ങളും പിടികൂടിയവയിൽപ്പെടും. ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ആർ.ടി.ഒ. എം.കെ. രാധാകൃഷ്ണൻ അറിയിച്ചു.

