കാസർകോട്, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലേക്ക് വിളിച്ച് ട്രെയ്നിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം: മണിക്കൂറുകളോളം നീണ്ട പരിധോധന, ഒടുവിൽ വ്യാജമെന്ന് കണ്ടെത്തി, പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം ജില്ലയെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി. പൊലീസിനെയും സുരക്ഷാ സേനയെയും യാത്രക്കാരെയും മണിക്കൂറുകളോളം വട്ടം കറക്കിയ പ്രതിയെ ഒടുവില്‍ അറസ്റ്റ് ചെയ്തു. ബങ്കളം സ്വദേശി പി.വി. രതീഷ്(42) ആണ് പിടിയിലായത്.
ഇന്നലെ രാത്രിയോടെയാണ് ജില്ലയെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം അരങ്ങേറിയത്. ഹൊസ്ദുര്‍ഗ്, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളിലേക്കും കാസര്‍കോട് റെയില്‍വേ പൊലീസിലേക്കും എമര്‍ജന്‍സി നമ്പറായ 112 വഴിയാണ് ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിളി വന്നത് കാഞ്ഞങ്ങാട് ഭാഗത്തു നിന്നാണെന്ന് സൂചന ലഭിച്ചു.
പിന്നീട് ലൊക്കേഷന്‍ മാവുങ്കാലിലേക്ക് മാറുകയും ചെയ്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.വി അനില്‍ കുമാര്‍, സി.ഐ കെ. ദിനേശ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം നടത്തിയ നീക്കത്തിനൊടുവില്‍ മാവുങ്കാല്‍ മേല്‍പ്പാലത്തിനടിയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കര്‍ശന പരിശോധനയെ തുടര്‍ന്ന് ഭീഷണി വ്യാജമെന്ന് സ്ഥിരീകരിച്ചു.
നേത്രാവതി എക്സ്പ്രസ്, മലബാര്‍ എക്സ്പ്രസ്, പരശുറാം എക്സ്പ്രസ് എന്നിവയില്‍ വിവിധ സ്റ്റേഷനുകളില്‍ വച്ച് പരിശോധന നടത്തിയാണ് ഉറപ്പാക്കിയത്.
മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ട്രെയിനുകളില്‍ നിന്നും ബോംബോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ല. അതിനിടെ കസ്റ്റഡിയിലെടുത്ത യുവാവ് വിചിത്രമായ കാരണമാണ് പറഞ്ഞത്. ബിവറേജ് മദ്യശാലക്ക് സമീപം നില്‍ക്കുകയായിരുന്ന തന്നോട് ഝാര്‍ഖണ്ഡ് സ്വദേശികളായ രണ്ട് സ്ത്രീകള്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചുവെന്നും സ്റ്റേഷന് കാണിച്ചുകൊടുക്കാന്‍ പോകുന്നതിനിടെ അവരുടെ കയ്യില്‍ ബോംബുണ്ടെന്ന് സംശയിച്ചാണ് താന്‍ ഇത്തരത്തില്‍ വിവരം അറിയിച്ചതെന്നുമാണ് രതീഷ് മൊഴി നല്‍കിയത്. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസാണ് രതീഷിനെ അറസ്റ്റ് ചെയ്തത്.

