കാനഡയില്‍ തടാകത്തില്‍ മുങ്ങി കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു

കാഞ്ഞങ്ങാട് ∙ തടാകത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കാഞ്ഞങ്ങാട് സ്വദേശി കാനഡയിൽ മുങ്ങി മരിച്ചു. കൊവ്വൽ പള്ളി ജമാഅത്ത് മുൻ പ്രസിഡന്റ് മുഹമ്മദ് കാസിം ഹാജിയുടെയും സുഹ്റയുടെയും മകൻ ഉവൈസ് മുഹമ്മദ് കാസിം (31) ആണ് മരിച്ചത്. ഈ മാസം 12ന് നാട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയായിരുന്നു. കാനഡയിലെ കനത്ത ചൂടിൽ നിന്നു രക്ഷപ്പെടാൻ എയർ ബോട്ടിൽ തടാകത്തിൽ ഇറങ്ങിയ കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ആണ് അപകടം . ബോട്ടിൽ യാത്ര ചെയ്ത കുട്ടികൾ പെട്ടെന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഉവൈസും കൂട്ടുകാരും ചേർന്നു തടാകത്തിലേക്ക് ചാടി കുട്ടികളെ രക്ഷപ്പെടുത്തി. ഇതിനിടെ ഉവൈസ് മുങ്ങി പോകുകയായിരുന്നു. റോയൽ കനേഡിയൻ മൗണ്ട് പൊലീസിന്റെ നേതൃത്വത്തിൽ 22 മണിക്കൂർ തിരച്ചിലിന് ശേഷമാണ് മൃതദേഹം കിട്ടിയത്. കാനഡയിലെ അമേരിക്കൻ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരാണ് ഉവൈസ്. 7 വർഷമായി കാനഡയിൽ എത്തിയിട്ട്. മകൻ: ഹാദി അഹമ്മദ്. സഹോദരങ്ങൾ: സഈദ, സുമയ്യ, ഉബയ്, സാബിത്ത്

