KSDLIVENEWS

Real news for everyone

ഭീമ കൊറേഗാവ് കേസില്‍ തടവിലുള്ളവരെ മോചിപ്പിക്കണം; രാഷ്ട്രപതിക്ക് പ്രതിപക്ഷ നേതാക്കളുടെ കത്ത്

SHARE THIS ON

ന്യൂഡൽഹി: ഭീമ കൊറോഗാവ് കേസിൽ ജയിലിൽ കഴിയുന്നവരെ ഉടൻ മോചിപ്പിക്കണമെന്ന് രാഷ്ട്രപതിക്ക് പ്രതിപക്ഷ കക്ഷിനേതാക്കളുടെ കത്ത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എൻസിപി നേതാവ് ശരത് പവാർ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി എന്നിവരുൾപ്പെടെ പ്രതിപക്ഷ നേതാക്കളെല്ലാം ചേർന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചിരിക്കുന്നത്. ഭീമ കൊറേഗാവ് കേസിൽ തടവിലായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമി കസ്റ്റഡിയിലിരിക്കെ മരിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാക്കളുടെ കത്ത്. ഭീമ കൊറേഗാവ് കേസിലും രാഷ്ട്രീയ പ്രേരിതമായ മറ്റ് കേസുകളിലും അകപ്പെട്ട് യുഎപിഎ, രാജ്യദ്രോഹം എന്നിവ ചുമത്തി ജയിലിലടച്ചിരിക്കുന്നവരെ ജയിൽമോചിതരാക്കണമെന്നാണ് കത്തിലെ ആവശ്യം. ഫാ. സ്റ്റാൻ സ്വാമിക്കെതിരെ കള്ളക്കേസ് ചുമത്തിയവർക്കെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഭീമാ കൊറെഗാവ് കേസിൽ വിചാരണ കാത്ത് കഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി (84) ചൊവ്വാഴ്ചയാണ് കസ്റ്റഡിയിൽ മരിച്ചത്. ആരോഗ്യകാരണങ്ങൾ മുൻനിർത്തി നൽകിയ ജാമ്യഹർജിയിൽ ബോംബെ ഹൈക്കോടതി വാദം കേൾക്കുന്നതിനിടെയായിരുന്നു അന്ത്യം. ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം മാറ്റിവെച്ച ജസ്യൂട്ട് പുരോഹിതനായ സ്റ്റാൻ സ്വാമിയെ മാവോവാദി ബന്ധം ആരോപിച്ച് ഒക്ടോബറിൽ റാഞ്ചിയിൽനിന്നാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റുചെയ്തത്. യു.എ.പി.എ. ചുമത്തി നവിമുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ അടച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് 28-ന് ബാന്ദ്രയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. കോവിഡ് സ്ഥിരീകരിച്ച് നില വഷളായി.ഞായറാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!