KSDLIVENEWS

Real news for everyone

പെട്രോള്‍ വിലയില്‍ ജനങ്ങള്‍ക്ക് അസ്വസ്ഥത, എഥനോള്‍ ഇന്ധനമാക്കിയാല്‍ ലാഭിക്കാം 20 രൂപ-ഗഡ്കരി

SHARE THIS ON

നാഗ്പുർ: രാജ്യത്തെ ആദ്യ വാണിജ്യ ദ്രവീകൃത പ്രകൃതി വാതക (എൽ.എൻ.ജി) ഫില്ലിങ് സ്റ്റേഷൻ നാഗ്പൂരിൽ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. എൽ.എൻ.ജി, സി.എൻ.ജി, എഥനോൾ തുടങ്ങിയ ഇതര ഇന്ധനങ്ങൾ ഉപയോഗിക്കുന്നത് കുതിച്ചുയരുന്ന പെട്രോൾ വിലയിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം പകരുമെന്ന് ഗഡ്കരി പറഞ്ഞു. പെട്രോൾ ഡീസൽ വില വർധന ജനങ്ങൾക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.

പെട്രോളിനെ അപേക്ഷിച്ച് കലോറി മൂല്യം കുറവാണെങ്കിലും എഥനോൾ വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്നത് ലിറ്ററിന് 20 രൂപയെങ്കിലും ലാഭിക്കാൻ സാധിക്കും. ഫ്ളെക്സ് ഫ്യൂവൽ എഞ്ചിനുകൾക്കായി സർക്കാർ ഒരു നയം ഉടൻ പ്രഖ്യാപിക്കും. ഒന്നിൽ കൂടുതൽ ഇന്ധനങ്ങളും ഇന്ധന മിശ്രിതവും പ്രവർത്തിപ്പിക്കാൻ കഴിയുന്ന എഞ്ചിനുകൾ ഉത്പാദിപ്പിക്കാൻ വാഹന നിർമാതാക്കളെ ഈ നയം പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശീയ ഇന്ധനങ്ങളായ എഥനോൾ,മെഥനോൾ, ബയോ-സി.എൻ.ജി എന്നിവ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയ്ക്ക് കടുത്ത മത്സരം സൃഷ്ടിക്കും. ഉപയോക്താക്കൾക്ക് മെച്ചം കിട്ടുന്ന ഒരേയൊരു മാർഗം ഇതാണെന്നും ഗഡ്കരി വ്യക്തമാക്കി.

പെട്രോളിയം, പ്രകൃതിവാതക മേഖല സ്വകാര്യവത്കരിക്കണമെന്ന് താൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’ഇതിനകം അതിലേക്കുള്ള വഴി തുറന്ന് കഴിഞ്ഞു. കഴിഞ്ഞ വർഷം പെട്രോളിയം മന്ത്രാലയം പെട്രോളിന്റേയും ഡീസലിന്റേയും ബൾക്ക് റീട്ടെയിൽ വിപണനത്തിനായുള്ള അംഗീകാരത്തിനുള്ള മാർഗനിർദേശങ്ങൾ ലളിതമാക്കുകയുണ്ടായി. സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനാണ് ഇങ്ങനെ ചെയ്തത്’ ഗഡ്കരി പറഞ്ഞു.

ഇപ്പോൾ പൊതുമേഖലയുൾപ്പെട്ട എല്ലാ സ്വകാര്യ കമ്പനികളേയും തങ്ങൾ ഈ മേഖലയിലേക്ക് ക്ഷണിച്ചു. ആർക്കും എൽ.എൻ.ജി. ഇറക്കുമതി ചെയ്യാൻ കഴിയും. ലോകമെമ്പാടും ദീർഘദൂര ഗതാഗതത്തിന് ഏറ്റവും ഹിതകരമായ ഇന്ധനമായി എൽഎൻജി ഉയർന്നുവരുന്നു.

നമ്മുടെ സമ്പദ് വ്യവസ്ഥയിൽ പെട്രോൾ, ഡീസൽ, പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതിക്കായി എട്ട് ലക്ഷം കോടി രൂപ ചെലവഴിക്കുന്നു. അതൊരു വലിയ വെല്ലുവിളിയാണ്. ഒരു ദേശീയവാദി എന്ന നിലയിൽ നമ്മുടെ ഇറക്കുമതി കുറയ്ക്കാനും കയറ്റുമതി വർദ്ധിപ്പിക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!