തക്കാളി ലോറി മറിഞ്ഞു, റോഡിൽ തക്കാളി പ്രളയം; താനെ എക്‌സ്പ്രസ് വേയില്‍ ഗതാഗതം സ്തംഭിച്ചു

താനെ: മഹാരാഷ്ട്രയിൽ തക്കാളി കയറ്റി വന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് ഒരാൾക്ക് പരിക്കേറ്റു. ഈസ്റ്റേൺ എക്സപ്രസ് വേയിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് അതിവേഗപാതയിൽ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റയാളെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി താനെ മുൻസിപ്പൽ കോർപറേഷൻ അറിയിച്ചു. ട്രക്കിൽ നിന്ന് 20 ടണ്ണോളം തക്കാളി റോഡിലേക്ക് മറിഞ്ഞു വീണതാണ് ഗതാഗത സ്തംഭനത്തിനിടയാക്കിയത്. കോപ്രി പാലത്തിന് സമീപത്താണ് ട്രക്ക് മറിഞ്ഞത്. മറിഞ്ഞ ട്രക്കിനെ ഉയർത്താനുള്ള അധികൃതരുടെ ശ്രമത്തിനിടെയാണ് വാഹനത്തിലുണ്ടായിരുന്ന തക്കാളിപ്പെട്ടികളും തക്കാളിയും മൊത്തമായി റോഡിലേക്ക് ചിതറിയത്. പോലീസും രക്ഷാദൗത്യസേനയും സംയുക്തമായി തക്കാളി നീക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി.

