KSDLIVENEWS

Real news for everyone

ഭീരുക്കള്‍ക്ക് പാര്‍ട്ടി വിട്ടുപോകാം, കോണ്‍ഗ്രസിന് വേണ്ടത് ഭയമില്ലാത്ത നേതാക്കളെ- രാഹുല്‍ ഗാന്ധി

SHARE THIS ON

ന്യൂഡൽഹി: കോൺഗ്രസിനുവേണ്ടത് ഭയമില്ലാത്ത നേതാക്കളെയാണെന്നും അല്ലാത്തവരെ പുറത്താക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു കോൺഗ്രസ് വിട്ടുപോയ നേതാക്കൾക്കെതിരായ രാഹുലിന്റെ പരാമർശം.

‘ഭയമില്ലാത്ത ഒട്ടേറെയാളുകൾ പുറത്തുണ്ട്. അവരെ പാർട്ടിയിലേക്കെത്തിക്കണം. ഭയമുള്ളവർ നമ്മുടെ പാർട്ടിയിലുണ്ട്. അത്തരക്കാർക്ക് ആർ.എസ്.എസ്സിലേക്ക് പോകാം. ഞങ്ങൾക്കു നിങ്ങളെ ആവശ്യമില്ല. ഭയമില്ലാത്ത ആളുകളെയാണ് നമുക്ക് വേണ്ടത്. അതാണ് നമ്മുടെ പ്രത്യയശാസ്ത്രം. ഇതാണ് എനിക്ക് അടിസ്ഥാനപരമായി പറയാനുള്ളത്’, രാഹുൽ വ്യക്തമാക്കി.


അടുത്തിടെ ബി.ജെ.പി.യിൽ ചേർന്ന കോൺഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ എന്നിവരെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമർശം. മധ്യപ്രദേശിലെ ഒട്ടേറെ കോൺഗ്രസ് എം.എൽ.എ.മാരുമായി ബി.ജെ.പി.യിലെത്തിയ സിന്ധ്യ അടുത്തിടെ കേന്ദ്രമന്ത്രിസഭാംഗമായിരുന്നു.

അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ ജിതിൻ പ്രസാദയ്ക്ക് സുപ്രധാനപദവി നൽകുമെന്നാണ് വിവരം. ജൂണിലാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്.


തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോറിനു പാർട്ടിയിലേക്കുള്ള ക്ഷണമാണ് രാഹുലിന്റെ പരാമർശമെന്ന് പാർട്ടിപ്രവർത്തകർ വിശ്വസിക്കുന്നു. പാർട്ടിക്കുള്ളിൽ കൂടുതൽ ഫലപ്രദമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് രാഹുൽ കിഷോറിനെ അറിയിച്ചതായി പാർട്ടിവൃത്തങ്ങൾ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!