KSDLIVENEWS

Real news for everyone

സ്വര്‍ണക്കടത്ത്: മുഖ്യപ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍; എയർപോർട്ട് കേന്ദ്രീകരിച്ചും സംഘം

SHARE THIS ON

കോഴിക്കോട്: കരിപ്പൂർ സ്വർണ കവർച്ചാശ്രമ കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയടക്കം രണ്ട് പേർകൂടി അറസ്റ്റിൽ. സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ച് ഒത്താശ ചെയ്തുകൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ കരിപ്പൂർ സ്വദേശി സജിമോൻ, കൊടുവള്ളി ഒഴലക്കുന്ന് സ്വദേശി മുനവ്വർ എന്നിവരെയാണ് കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

സംഭവദിവസം കവർച്ചാസംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ചുള്ള സഹായങ്ങൾ ചെയ്തുകൊടുത്തത് താനാണെന്ന് സജിമോൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. എയർപോർട്ടിലും പരിസരത്തും ടാക്സി സർവീസും മണി എക്സ്ചേഞ്ച് ബിസിനസ്സും ട്രാവൽസും മറ്റും നടത്തുന്ന ഇയാളുടെകൂടെ ഉണ്ടായിരുന്ന മറ്റ് സംഘങ്ങളെ കുറിച്ചും പേലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


ഗൾഫിൽ സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്ന സംഘത്തലവന്മാരുമായി അടുത്ത ബന്ധമുള്ള ഇയാൾക്ക് സംഭവദിവസം കാരിയറായി വന്ന ഷഫീഖിന്റെ ഫോട്ടോ ഗൾഫിൽ നിന്നും ജയ്സൽ എന്നയാൾ വാട്സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു. ആ ഫോട്ടോ എയർപോർട്ടിനുള്ളിലെ മറ്റൊരാൾക്ക് ഇയാൾ അയച്ചുകൊടുത്തു. ഇയാൾ വിമാനമിറങ്ങിയാൽ അറിയിക്കണമെന്ന് നിർദേശിക്കുകയും ചെയ്തെന്ന് പോലീസ് പറയുന്നു.

അർജുൻ ആയങ്കി എയർപോർട്ടിൽ നിൽക്കുന്ന ഫോട്ടോയും അയച്ചിരുന്നു. കൂടാതെ, എയർപോർട്ട് റോഡിൽ അൽപം മാറി നിന്ന് വിവരങ്ങൾ യഥാസമയം ഗൾഫിലേക്ക് തൽസമയം അറിയിച്ചുകൊണ്ടിരുന്നു. മറ്റു സംഘാഗങ്ങൾ ഇയാളെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.


സജിമോൻ നിരവധി തവണ കൊടുവള്ളി താമരശ്ശേരി സ്വർണ്ണക്കടത്ത് മാഫിയക്ക് വേണ്ടി കാരിയർമാരെ എയർപോർട്ടിന് പുറത്തെത്തിക്കുകയും റസീവർമാരെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശരീരത്തിൽ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ച സ്വർണ്ണം ലോഡ്ജുകളിലേയും മറ്റും ബാത്ത് റൂമുകളിൽ സൗകര്യമൊരുക്കി റസീവർമാർക്ക് കൈമാറും. ചിലപ്പോൾ റസീവർമാർക്ക് എത്താൻ വൈകിയാൽ ഇയാൾ തന്നെ സ്വർണം കൈവശംവെച്ച് എത്തുമ്പോൾ കൈമാറുകയാണ് ചെയ്യാറ്. വിശ്വസ്തനായ ഏജന്റായാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നും പോലീസ് പറയുന്നു.

യാത്രക്കാരന്റെ ചിത്രം ഗൾഫിലെ സ്വർണ്ണക്കടത്തുകാർക്ക് ഇയാൾക്ക് അയച്ചുകൊടുക്കുകയോ മൊബൈൽ നമ്പർ, വണ്ടി നമ്പർ തുടങ്ങിയവ കൈമാറുകയോ ചെയ്താണ് കാരിയറെ തിരിച്ചറിയുന്നത്. എയർപോർട്ടിന്റെ ഉള്ളിൽ നിന്ന് ഉദ്യോഗസ്ഥതലത്തിൽ സഹായം ലഭിക്കുന്നുണ്ടെന്നും ഓഫീസർമാരുമായി ഇടപാടുകൾ നടക്കാറുണ്ടെന്നും ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇത്തരം ഉദ്യോഗസ്ഥന്മാരെ കുറിച്ചും പോലീസിന് വിവരം നൽകിയിട്ടുണ്ട്.

താമരശ്ശേരി – കൊടുവള്ളി കവർച്ചാ സംഘത്തിലെ പല പ്രതികളുമായും സംഭവദിവസവും മുമ്പും ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം ജയ്സലിന്റെ നിർദേശപ്രകാരം ഫോൺരേഖകളും മറ്റും ഡിലീറ്റ് ചെയ്യുകയും ചെയ്തു.


സംഭവദിവസം പിടികൂടിയ രണ്ടര കിലോ സ്വർണ്ണവുമായി ബന്ധപ്പെട്ട് കസ്റ്റംസ് റെയ്ഡ് നടത്തിയ ഒ.കെ. സലാമിന്റേയും ജലീലിന്റെയും ബന്ധുവാണ് അറസ്റ്റിലായ കൊടുവള്ളി ഒഴലക്കുന്ന് സ്വദേശി മുനവ്വർ. ഇയാൾ ഏകരൂരിലുള്ള ഭാര്യാവീട്ടിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. സംഭവ ദിവസം കൊടുവള്ളി സംഘം സഞ്ചരിച്ച ഇന്നോവ കാറും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇതോടെ കേസിൽ 21 പേർ അറസ്റ്റിലായി.

പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്, സഞ്ജീവൻ, കോഴിക്കോട് റൂറൽ പോലീസിലെ വി.കെ സുരേഷ്, രാജീവ് ബാബു, കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ്, ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!