മഞ്ചേശ്വരം കോഴക്കേസ്: ബി.ജെ.പി. മണ്ഡലം പ്രസിഡന്റിനെ ചോദ്യം ചെയ്തു

കാസർകോട്: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസിൽ പാർട്ടിയുടെ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികണ്ഠ റൈയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു രണ്ടരമണിക്കൂർ ചോദ്യം ചെയ്യൽ.
മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.എസ്.പി.ക്കായി പത്രിക നൽകിയ കെ. സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടരലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് ചോദ്യം ചെയ്തത്. പത്രിക പിൻവലിക്കുന്നതിന് മുന്നോടിയായി മണികണ്ഠ റൈയും യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായ്ക്കുമടങ്ങിയ ബി.ജെ.പി. നേതാക്കൾ സുന്ദരയെ സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.

