ഫാഷൻ ഗോൾഡ് തട്ടിപ്പും ദേവകി കൊലക്കേസും ; അന്വേഷണം ഊർജ്ജിതപ്പെടുത്താൻ നിർദ്ദേശം

കാസർകോട് : ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസുകളിലും ദേവകി കൊലക്കേസിലും അന്വേഷണം ഊർജ്ജിതമാക്കാൻ നിർദ്ദേശം . കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ എസ് പിക്കാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത് . ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ മുഖ്യപ്രതിയായ പി കെ പൂക്കോയ തങ്ങളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായ 150 വോളം പേർ ഒപ്പിട്ട പരാതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയിരുന്നു . ഇതേ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് എസ് പി കണ്ണൂരിലേയ്ക്ക് വിളിപ്പിച്ച് കേസുകളുടെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച് ആരാഞ്ഞത് . അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും ഒളിവിൽ പോയ മുഖ്യപ്രതിയെ കണ്ടത്താൻ വ്യാപക അന്വേഷണം നടത്തുന്നുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് എസ് പിയെ അറിയിച്ചതെന്നാണ് സൂചന . ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പനയാൽ , ബങ്ങാട് , കാട്ടിയടുക്കത്തെ ദേവകി കൊലക്കേസ് അന്വേഷണം ഊർജ്ജിതപ്പെടുത്താനും എസ് പി കെ കെ മൊയ്തീൻകുട്ടി നിർദ്ദേശം നൽകി . നാലു വർഷം മുമ്പാണ് തനിച്ച് താമസിക്കുന്ന ദേവകിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

