കാസര്‍കോട്ട് 13-കാരിയെ പീഡിപ്പിച്ച മൂന്നുപേര്‍ കൂടി പിടിയില്‍; ഇതുവരെ അറസ്റ്റിലായത് എട്ടുപേര്‍

കാസർകോട്: ഉളിയത്തടുക്കയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുൾ അസീസ്, സുബ്ബ, സുർള സ്വദേശി വാസുദേവ ഘെട്ടി എന്നിവരെയാണ് കാസർകോട് വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടിയെ അയൽക്കാരും നാട്ടുകാരുമായ പ്രതികൾ പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ജൂൺ 26-നാണ് സംഭവത്തിൽ ആദ്യ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. കേസിലെ പ്രതികളിലൊരാളായ അബ്ബാസ് പെൺകുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽവെച്ച് പീഡിപ്പിച്ചതിനാണ് അന്ന് കേസ് രജിസ്റ്റർ ചെയ്തത്. പീഡനത്തിനിടെ അബ്ബാസിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെയാണ് കൂടുതൽപേർ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പെൺകുട്ടിയിൽനിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി കൂടുതൽ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. ക്രൂരത… പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇതുവരെ ഒമ്പത് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പെൺകുട്ടിയുടെ മൊഴിയനുസരിച്ച് കൂടുതൽപേർ കേസിൽ പ്രതികളായേക്കുമെന്നും പോലീസ് സൂചന നൽകുന്നുണ്ട്. പീഡനത്തിനിരയായ പെൺകുട്ടി നിലവിൽ ശിശുസംരക്ഷണ സമിതിയുടെ സംരക്ഷണയിലാണ്.

