നായയോട് വീണ്ടും ക്രൂരത; അയര്‍ക്കുന്നത്ത് നായയെ കാറിന് പിന്നിൽ കെട്ടിവലിച്ചു

കോട്ടയം: നായ്ക്കളോട് വീണ്ടും കൊടും ക്രൂരത. കോട്ടയം അയർക്കുന്നത്ത് നായയെ കാറിന് പിറകിൽ കെട്ടിവലിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. അൽപം വേഗത്തിൽ പോകുന്ന കാറിന് പിന്നിൽ നായയെ കെട്ടിവലിച്ചുകൊണ്ടു പോകുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അതേസമയം വാഹനം ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
നേരത്തെ ചെങ്ങമനാടിൽ കാറിന് പിറകിൽ വളർത്തുനായയെ കെട്ടിവലിച്ച ക്രൂരതയ്ക്ക് സമാനമായ സംഭവമാണ് അയർക്കുന്നത്തുമുണ്ടായത്.
നായയെ കാറിൽ കെട്ടിവലിച്ചു കൊണ്ടുപോയതായി നാട്ടുകാരിൽ ചിലർ രാവിലെ തന്നെ പറഞ്ഞിരുന്നു. ഇതേതുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ക്രൂരത പുറത്തുവന്നത്. സംഭവത്തിൽ പോലീസിനും മൃഗസംരക്ഷണ വകുപ്പിനും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.

