ക്രിമിനല്‍ കേസുകളില്‍ എം.എല്‍.എമാര്‍ക്ക് പ്രത്യേക പരിരക്ഷ ഇല്ല- സുപ്രീം കോടതി

ന്യൂഡൽഹി: നിയമസഭാ അംഗങ്ങൾക്ക് ക്രിമിനൽ നിയമത്തിൽ പ്രത്യേക പരിരക്ഷ ഇല്ലെന്ന് സുപ്രീം കോടതി. മറ്റ് പൗരന്മാരെ പോലെ ക്രിമിനൽ നിയമത്തിന്റെ പരിധിയിൽ തന്നെയാണ് ജനപ്രനിധികളെന്നും നിയമസഭാ കയ്യാങ്കളി കേസിലെ സർക്കാർ അപ്പീൽ തള്ളി കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. ക്രിമിനൽ നിയമങ്ങളിൽനിന്ന് പരിരക്ഷ ആവശ്യപ്പെടുന്നത് നിയമനിർമ്മാണ സഭകളുടെ വിശ്വാസ്യതയോടുള്ള വഞ്ചനയാണെന്ന് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല. പാർലമെന്റിലും നിയമസഭയിലും അംഗങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, പൊതുമുതൽ നശിപ്പിച്ച്, ബജറ്റ് അവതരണം തടസ്സപ്പെടുത്തികൊണ്ട് പ്രതിഷേധിക്കാനുള്ള അവകാശം അംഗങ്ങൾക്കില്ലെന്നും കോടതി വ്യക്തമാക്കി. ഭയരഹിതമായി നിയമസഭാ പ്രവർത്തനത്തിൽ ഏർപെടുന്നതിനാണ് പരിരക്ഷയെന്ന് കോടതി വ്യക്തമാക്കി. പരിരക്ഷ സ്റ്റാറ്റസ് അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭാ അംഗങ്ങളെന്ന നിലയിലുള്ള പരിരക്ഷ ചൂണ്ടിക്കാട്ടിയാണ് കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യുട്ടർ അപേക്ഷ നൽകിയത്. എന്നാൽ, അത്തരം പരിരക്ഷ പ്രതികൾക്കില്ലെന്ന് കോടതി വ്യക്തമാക്കി. പബ്ലിക് പ്രോസിക്യുട്ടർ നിക്ഷ്പക്ഷമായാണ് പ്രവർത്തിക്കേണ്ടതെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസ് പിൻവലിക്കാനുള്ള പബ്ലിക് പ്രോസിക്യുട്ടറുടെ അപേക്ഷ തള്ളിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടി ശരിയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി ജനപ്രതിനിധികൾക്ക് എതിരായ ക്രിമിനൽ നപടികൾക്ക് സ്പീക്കറുടെ മുൻകൂർ അനുമതി വേണമെന്ന ഭേദഗതി ക്രിമിനൽ നടപടി ചട്ടത്തിൽ കേരളം വരുത്തിയിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭേദഗതി കൊണ്ടുവന്ന മഹാരാഷ്ട്രയിൽ പോലും ഔദ്യോഗിക കടമകൾ നിർവ്വഹിക്കുന്നതിനിടെ ഉണ്ടാകുന്ന കേസ്സുകളിൽ മാത്രമാണ് സ്പീക്കറുടെ പ്രോസിക്യുഷൻ അനുമതി ആവശ്യമായി വരുന്നത്. നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിയമസഭ ഇലക്ട്രോണിക് റെക്കോർഡ് മുറിയിൽനിന്ന് ദൃശ്യങ്ങൾ പൊലീസിന് എടുക്കണമെങ്കിൽ സ്പീക്കറുടെ അനുമതി വേണമെന്ന സർക്കാർ വാദവും കോടതി തള്ളി. ബജറ്റ് അവതരണത്തിനിടെ ധനകാര്യ മന്ത്രിയെ കയ്യാങ്കളി കേസിലെ പ്രതികളായവർ തടഞ്ഞതായി വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കയ്യാങ്കളിയിലേക്ക് നീണ്ടത് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരായ പ്രതിഷേധം എന്ന സർക്കാർ അഭിഭാഷകന്റെ വാദം വിധിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

