പച്ചാളത്ത് സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും ക്രൂരമര്‍ദനം; പ്രതികള്‍ അറസ്റ്റില്‍

കൊച്ചി: പച്ചാളത്ത് സ്ത്രീധനത്തിന്റെ പേരിൽ യുവതിയെയും പിതാവിനെയും മർദിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ചക്കരപ്പറമ്പ് സ്വദേശി ഡയാനയുടെ ഭർത്താവ് ജിപ്സൺ, ഇയാളുടെ പിതാവ് പീറ്റർ എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ജിപ്സണിന്റെ മാതാവും പ്രതിയാണെങ്കിലും ഇവരെ പിടികൂടിയിട്ടില്ല.
സ്ത്രീധനത്തിന്റെ പേരിൽ ഡയാനയെയും പിതാവ് ജോർജിനെയും ജിപ്സണും കുടുംബവും ക്രൂരമായി മർദിച്ചെന്നാണ് പരാതി. പ്രതികൾ ജോർജിന്റെ കാൽ തല്ലിയൊടിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നായിരുന്നു ആരോപണം.
ഇതോടെ പോലീസിനെതിരേ വ്യാപക വിമർശനമുയർന്നു. സ്ത്രീധന പീഡനം ചുമത്താതെ പോലീസ് വീഴ്ച വരുത്തിയെന്നും ആക്ഷേപമുണ്ടായി. തുടർന്ന് വനിതാ കമ്മീഷനടക്കം സംഭവത്തിൽ ഇടപെടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ജിപ്സണിന്റെ മാതാവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
ജിപ്സണും കുടുംബവും സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചെന്നാണ് ഡയാനയുടെ പരാതിയിൽ പറഞ്ഞിരുന്നത്. ഏപ്രിൽ 12-നായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാമത്തെ വിവാഹമായിരുന്നു. വിവാഹസമയത്ത് 50 പവനോളം നൽകിയിരുന്നു. ഇത് പോരെന്നു പറഞ്ഞാണ് പീഡനം തുടങ്ങിയതെന്നാണ് ഡയാന പറയുന്നത്.
അടിവയറ്റിൽ ഇടിക്കുകയും മുഖം മതിലിൽ ഉരയ്ക്കുകയും ചെയ്തു. ഭക്ഷണവും നൽകിയില്ല. വിവരം വീട്ടിലറിയിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ പിടിച്ചുവാങ്ങി. വിശപ്പ് സഹിക്കാനാകാതെ ഭക്ഷണം എടുത്തു കഴിച്ച ഡയാനയെ വീട്ടിൽനിന്ന് പുറത്താക്കി. ഒടുവിൽ ഡയാനയുടെ വീട്ടുകാർ സംഭവം അറിഞ്ഞെത്തി.
വിവാഹം നടത്താൻ ഇടനില നിന്ന വൈദികൻ ഇതിൽ ഇടപെടുകയും പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. പിന്നീടും ശാരീരിക പീഡനം തുടർന്നതോടെ ഡയാന ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങുകയും ജൂലായ് 12-ന് വനിതാ പോലീസിൽ പരാതി നൽക്കുകയും ചെയ്തു. വനിതാ പോലീസ് ഇരുവരെയും വിളിപ്പിക്കുകയും 22-ന് കൗൺസലിങ്ങിന് പോകാൻ നിർദേശിക്കുകയും ചെയ്തു.
പ്രശ്നം പരിഹാരിക്കാൻ വീണ്ടും ഡയാന തിരികെപ്പോകാൻ സന്നദ്ധയായി. തുടർന്ന് കാര്യങ്ങൾ പറഞ്ഞുതീർക്കാൻ ഡയാനയുടെ പിതാവ് ജോർജ് പച്ചാളത്തെ വീട്ടിലെത്തി. എന്നാൽ ഇവിടെവെച്ച് ജിപ്സണും കുടുംബവും ചേർന്ന് ജോർജിനെ മർദിച്ചു. മർദനത്തിൽ ജോർജിന്റെ കാലും വാരിയെല്ലും ഒടിഞ്ഞു.
പിന്നാലെ ജൂലായ് 18-ന് ഡയാന നേരിട്ടെത്തി എറണാകുളം നോർത്ത് പോലീസിൽ പരാതി നൽകി. എന്നാൽ, പിതാവിനെ മർദിച്ച സംഭവത്തിൽ മാത്രമാണ് പോലീസ് നടപടിയെടുത്തതെന്നും ഗാർഹിക പീഡനത്തിൽ കേസെടുത്തില്ലെന്നും ഡയാന ആരോപിച്ചിരുന്നു.

