ബാങ്ക് നിക്ഷേപത്തിനുണ്ട് അഞ്ചുലക്ഷത്തിന്റെ പരിരക്ഷ; 100 രൂപയ്ക്ക് 12 പൈസയാണ് പ്രീമിയം

മുംബൈ: സേവിങ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, സ്ഥിരനിക്ഷേപം, റിക്കറിങ് നിക്ഷേപം എന്നിങ്ങനെ ബാങ്കുകളിലെ എല്ലാ നിക്ഷേപങ്ങൾക്കുമുണ്ട് ഇൻഷുറൻസ് പരിരക്ഷ.
അഞ്ചുലക്ഷം രൂപ വരെയാണ് ഇതിന്റെ പരിധിയെന്നുമാത്രം. റിസർവ് ബാങ്കിനുകീഴിലുള്ള നിക്ഷേപ ഇൻഷുറൻസ് – ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഡി.ഐ.സി.ജി.സി.) ആണ് ബാങ്കു നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത്.
പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, റീജണൽ റൂറൽ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, വിദേശ ബാങ്കുകൾ, പേമെന്റ് ബാങ്കുകൾ എന്നിങ്ങനെ ബാങ്കിന്റെ നിർവചനത്തിൽ വരുന്ന എല്ലാത്തിലെയും നിക്ഷേപങ്ങൾക്ക് ഈ സുരക്ഷ ലഭിക്കും. സഹകരണ സൊസൈറ്റികൾ ബാങ്കിന്റെ നിർവചനത്തിൽ വരാത്തതിനാൽ ഇതിന്റെ ഭാഗമാകില്ല. നിക്ഷേപിക്കുന്ന തുകയും അതിന്റെ പലിശയുമടക്കം പരമാവധി അഞ്ചു ലക്ഷം രൂപയ്ക്കു മാത്രമേ പരിരക്ഷയുണ്ടാകൂ.
ബാങ്കിലെ ശരാശരി നിക്ഷേപം കണക്കാക്കി 100 രൂപയ്ക്ക് 12 പൈസയാണ് പ്രീമിയമായി ഈടാക്കുന്നത്. ആറുമാസം കൂടുമ്പോൾ ബാങ്കുകൾ തന്നെയാണ് ഈ തുക അടയ്ക്കേണ്ടത്. നിക്ഷേപകനിൽനിന്ന് ഈടാക്കാൻ പാടില്ല.
വ്യക്തിഗത അക്കൗണ്ടുകളെല്ലാം ഇതിന്റെ പരിധിയിൽ വരും. ഒരേ ബാങ്കുശാഖയിലോ ഒരേ ബാങ്കിന്റെ വിവിധ ശാഖകളിലോ ഒന്നിലധികം അക്കൗണ്ടുകൾ ഉണ്ടെങ്കിൽ (സേവിങ്സ് അക്കൗണ്ട്, സ്ഥിരനിക്ഷേപം, റെക്കറിങ് നിക്ഷേപം എന്നിങ്ങനെ) എല്ലാം ചേർത്താണ് അഞ്ചുലക്ഷത്തിന്റെ പരിരക്ഷ ലഭിക്കുക. വ്യത്യസ്ത ബാങ്കുകളിലെ അക്കൗണ്ടുകൾ പ്രത്യേകമായി പരിഗണിക്കും. വ്യക്തിഗത അക്കൗണ്ട്, ജോയിന്റ് അക്കൗണ്ട്, ഒരു സംരംഭത്തിലെ പങ്കാളി, കമ്പനി ഡയറക്ടർ എന്നീ നിലകളിൽ വ്യത്യസ്ത അക്കൗണ്ടുകൾ ഉണ്ടെങ്കിൽ അവ ഓരോന്നും പ്രത്യേകമായി കണക്കാക്കും.
ഒരേ ബാങ്കുശാഖയിൽ അല്ലെങ്കിൽ ഒരേ ബാങ്കിന്റെ വ്യത്യസ്ത ശാഖകളിൽ ഒന്നിലധികം ജോയിന്റ് അക്കൗണ്ടുകളുണ്ടെങ്കിൽ എല്ലാ അക്കൗണ്ടിനും പരിരക്ഷ ലഭിക്കണമെന്നില്ല. ഈ അക്കൗണ്ടുകളിലെ ഉടമകളുടെ സ്ഥാനമനുസരിച്ചായിരിക്കും ഇൻഷുറൻസ്. ഉദാഹരണമായി എ, ബി എന്നിങ്ങനെ രണ്ടു പേരുടെ ജോയിന്റ് അക്കൗണ്ടുകളിലൊന്നിൽ എ ആദ്യവും ബി രണ്ടാമതുമാണ്. രണ്ടാമത്തേതിൽ ബി ആദ്യവും എ രണ്ടാമതും. ഈ രണ്ട് അക്കൗണ്ടുകളും പ്രത്യേകമായി പരിഗണിക്കും.
ബാങ്കുകൾ തകർന്നാൽ നിക്ഷേപകന് നേരിട്ട് ഡി.ഐ.സി.ജി.സി.യിൽ ഇൻഷുറൻസ് തുക ക്ലെയിം ചെയ്യാനാകില്ല. ലിക്വിഡേറ്റർ മുഖേനയാണ് തുക വിതരണം ചെയ്യുക. ബാങ്കുകൾ റിസർവ് ബാങ്കിന്റെ മോറട്ടോറിയത്തിലായാൽ 90 ദിവസത്തിനകം ഇൻഷുറൻസ് തുക ലഭ്യമാക്കുകയാണ് പുതിയ നിയമഭേദഗതിവഴി വരുന്ന മാറ്റം. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക്, യെസ് ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് എന്നിവയിൽ സമീപകാലത്തുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
നേരത്തെ ബാങ്കിന്റെ ലിക്വിഡേഷൻ കഴിയുന്നതുവരെയോ പ്രതിസന്ധിയിലായ ബാങ്ക് പുനഃസംഘടിപ്പിക്കുന്നതു വരെയോ നിക്ഷേപകർ കാത്തിരിക്കണമായിരുന്നു. മോറട്ടോറിയം പരിധിയിലാകുന്ന ബാങ്കുകളിൽനിന്ന് ഡി.ഐ.സി.ജി.സി. 45 ദിവസത്തിനകം നിക്ഷേപ അക്കൗണ്ടുകളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കണം. 90 ദിവസത്തിനകം വിവരങ്ങൾ പരിശോധിച്ച് പണം വിതരണം ചെയ്യണമെന്നാണ് ഭേദഗതിയിലുള്ളത്.

