രാജ്യം മുഴുവന്‍ ആനന്ദ നൃത്തമാടുകയാണ്’; മന്‍പ്രീതിനെ ഫോണില്‍ വിളിച്ച് നരേന്ദ്ര മോദി

ടോക്യോ: ഇന്ത്യയുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇന്ന് സഫലമായിരിക്കുന്നത്. 41 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ഹോക്കി ടീം ഇന്ത്യയിലേക്ക് ഒളിമ്പിക്സ് മെഡൽ കൊണ്ടുവന്നിരിക്കുന്നു. ജർമനിയെ 5-4 എന്ന സ്കോറിന് കീഴടക്കിയാണ് ഇന്ത്യ വിജയമാഘോഷിച്ചത്. ഈ ചരിത്രവിജയത്തിന് പിന്നാലെ ഇന്ത്യൻ നായകൻ മൻപ്രീത് സിങ്ങിനെത്തേടി ഒരു ഫോൺ കോൾ വന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മൻപ്രീതിനെയും ഇന്ത്യൻ ടീമിനെയും അഭിനന്ദിച്ചുകൊണ്ടു വിളിച്ചത്. ‘മൻപ്രീത്, നിങ്ങൾക്കും ഇന്ത്യൻ ടീമിനും ആശംസകൾ. നിങ്ങൾ വലിയൊരു നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. രാജ്യം മുഴുവൻ ഈ വിജയത്തിന്റെ സന്തോഷത്തിൽ നൃത്തം ചെയ്യുകയാണ്. എന്റെ ഹൃദയം നിറയുന്നു. എന്റെ ആശംസകൾ എല്ലാവരോടും പങ്കുവെയ്ക്കൂ. ഓഗസ്റ്റ് 15 ന് ഏവരെയും കാണാം’-മോദി പറഞ്ഞു. സെമി ഫൈനലിൽ ബെൽജിയത്തോട് തോൽവി വഴങ്ങിയപ്പോഴും മോദി മൻപ്രീതിനെ വിളിച്ചിരുന്നു. മോദിയുടെ വാക്കുകൾ വിജയത്തിലേക്ക് നയിക്കാൻ ഊർജം പകർന്നുവെന്ന് മൻപ്രീത് പറഞ്ഞു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത എല്ലാ കായിക താരങ്ങളെയും പ്രത്യേക അതിഥികളായി മോദി ചെങ്കോട്ടയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

