ക്വാഡ് ബൈക്കില്‍ അപകടകരമായ റെയ്ഡിങ്; മിഷേല്‍ ബല്ലാക്കിന്റെ മകന് ദാരുണാന്ത്യം

ബെർലിൻ: മുൻ ജർമൻ ഫുട്ബോൾ താരം മിഷേൽ ബല്ലാക്കിന്റെ മകൻ എമിലിയോ ബല്ലാക്കിന്റെ മരണത്തിൽ ഞെട്ടി കായികലോകം. പതിനെട്ടുകാരനായ എമിലിയോ പോർച്ചുഗലിലുള്ള ബല്ലാക്കിന്റെ ഒഴിവുകാല വസതിക്ക് സമീപത്തുവെച്ച് നടന്ന അപകടത്തിലാണ് മരണപ്പെട്ടത്. ക്വാഡ് ബൈക്കിൽ അപകടരമായ രീതിയിൽ റെയ്ഡ് ചെയ്യുന്നതിനിടെ ബൈക്ക് മറിഞ്ഞു . രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് എത്തിയെങ്കിലും എമിലിയോയെ രക്ഷിക്കാനായില്ല. വ്യാഴാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെ നടന്ന അപകടത്തിൽ പതിനെട്ടുകാരൻ മരിച്ചുവെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് പോർച്ചുഗീസ് മാധ്യമങ്ങളാണ്. മുൻതാരത്തിന്റെ മകന്റെ മരണത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ചെൽസി അനുശോചനം രേഖപ്പെടുത്തി. ‘ബല്ലാക്കിന്റെ മകന്റെ മരണവാർത്തയിൽ എല്ലാവരും ഞെട്ടിയിരിക്കുകയാണ്. പതിനെട്ടു വയസ് മാത്രം പ്രായമുള്ള എമിലിയോയുടെ മരണത്തിൽ ഞങ്ങൾ ദു:ഖം രേഖപ്പെടുത്തുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ബല്ലാക്കിനോടും കുടുംബാഗങ്ങളോടുമൊപ്പം നിൽക്കുന്നു.’ ചെൽസി ട്വീറ്റ് ചെയ്തു. മിഷേൽ ബല്ലാക്കിന്റേയും സിമോൺ ലാംബെയുടേയും മകനായി 2002-ലാണ് എമിലിയോയുടെ ജനനം. ലാംബെയുമായുള്ള ബന്ധത്തിൽ ബല്ലാക്കിന് രണ്ട് ആൺമക്കൾ കൂടിയുണ്ട്. ചെൽസിയുടെ ഇതിഹാസ താരങ്ങളിൽ ഒരാളായ ബല്ലാക്ക ബയേൺ മ്യൂണിക്ക്, ലെവർകൂസൻ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. 98 മത്സരങ്ങളിൽ ജർമനിക്കായി കളത്തിലറങ്ങിയ ബല്ലാക്ക് നാല് ബുണ്ടസ്ലിഗ കിരീടങ്ങളും മൂന്ന് ജർമൻ കപ്പും നേടിയിട്ടുണ്ട്. ചെൽസിയുടെ ജഴ്സിയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടങ്ങളും മൂന്നു എഫ്എ കപ്പും സ്വന്തമാക്കിയിട്ടുണ്ട്.

