KSDLIVENEWS

Real news for everyone

കടകളില്‍ പോകാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട; ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

SHARE THIS ON

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളിലെ ഇളവുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വാക്സിന്‍ ലഭിക്കാത്തവര്‍ക്ക് കടയില്‍ പോകാന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. WIPR (വീക്കിലി ഇന്‍ഫെക്ഷന്‍ പോപുലേഷന്‍ റേഷിയോ) എട്ടു ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. കോവിഡ് സ്ഥിരീകരണം കൂടുന്ന സാഹചര്യം നിലനില്‍ക്കെയാണ് പുതിയ ഇളവുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതും.

പുതിയ ഇളവനുസരിച്ച്‌ ഒരു പ്രദേശത്ത്‌ 1000 പേരില്‍ എട്ടുപേര്‍ കോവിഡ് പോസിറ്റീവ് ആവുമെങ്കില്‍ ആ പ്രദേശം കണ്ടെയ്‌ന്‍മെന്‍റ് സോണ്‍ ആയി മാറും, ജില്ലകളില്‍ 14 ശതമാനത്തിനു മുകളില്‍ ടി.പി.ആര്‍. ഉള്ള പ്രദേശങ്ങളില്‍ കണ്ടെയ്‌ന്‍മെന്‍റ് സോണ്‍ 50 ശതമാനമായി വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.

മാളുകള്‍ക്കുള്ളിലെ കടകള്‍ ഇന്നുമുതല്‍ തുറക്കും. എന്നാല്‍ മാളുകളില്‍ സിനിമാ തിയേറ്ററുകളോ, ഗെയിം സോണുകളോ പ്രവര്‍ത്തിക്കില്ല. ബീച്ചുകളും ടൂറിസം മേഖലകളും തുറന്നിട്ടുണ്ട്. ബീച്ചുകളില്‍ പോലീസിന്റെ കര്‍ശന നിയന്ത്രണമുണ്ടാകും. വഴിയോരങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് കച്ചവടം നടത്താം.

ഒരു ഡോസ് വാക്സിന്‍, അല്ലെങ്കില്‍ 72 മണിക്കൂര്‍ മുന്‍പുള്ള RTPCR സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മദ്യം വാങ്ങാന്‍ പോകാം.

ശബരിമല മാസപൂജയുടെ ഭാഗമായി 15000 ഭക്തരെ പ്രവേശിപ്പിക്കാനും അനുമതിയുണ്ട്.

ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ പകുതിയിലേറെയും കേരളത്തില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏഴുദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് കേസുകളില്‍ ശരാശരി 51.51 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 28,204 പേര്‍ക്കാണ്. ഇതില്‍ 13,049 പേരും കേരളത്തില്‍ നിന്നാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഇരുപതിനായിരത്തിലേറെ രോഗികളാണ് പ്രതിദിനം പുതിയതായി വരുന്നത്. 13 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് ഓഗസ്റ്റ് 10ന് 15 ശതമാനം കടക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് അടുത്തിടെയായി പ്രതിദിനം 30,000നും 40,000നും ഇടയിലാണ് രോഗികളുടെ എണ്ണം. ഇതില്‍ പകുതിയും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയ ആറംഗ കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ നിശ്ചയിക്കുന്നതിലും അവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും കേരളം വീഴ്ച വരുത്തി. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ചല്ല കേരളം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും കേന്ദ്രസംഘം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ടിപിആര്‍ പത്ത് ശതമാനത്തിന് മുകളിലാണ്. സിഎഫ്‌ആര്‍(കേസ് ഫറ്റലിറ്റി റേറ്റ്) 0.5 ശതമാനമാണ്. ഐസിഎംആര്‍ റിപ്പോര്‍ട്ട് പ്രകാരം 44 ശതമാനമാണ് സംസ്ഥാനത്തെ സെറോപോസിറ്റീവ് നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!