KSDLIVENEWS

Real news for everyone

അതിരുവിട്ട പ്രതികരണം, ‘പൊളി സാനം’ അറസ്റ്റില്‍; പണി പാളുമെന്ന് കണ്ട് പല വ്‌ളോഗര്‍മാരും വീഡിയോ മുക്കി

SHARE THIS ON

കോഴിക്കോട്: ഇ ബുൾ ജെറ്റ് വ്ളോഗർമാരുടെ അറസ്റ്റിൽ സാമൂഹികമാധ്യമങ്ങളിൽ നടന്ന അതിരുവിട്ട പ്രതികരണങ്ങളിൽ പോലീസ് നടപടി ശക്തമാക്കിയതോടെ പലരും വീഡിയോ മുക്കി. യൂട്യൂബിലെ പല വ്ളോഗർമാരും ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസേഴ്സും ഉൾപ്പെടെയുള്ളവരാണ് പണി പാളുമെന്ന് കണ്ടതോടെ വീഡിയോകൾ ഡിലീറ്റ് ചെയ്തത്. ഇ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായതിന് പിന്നാലെ പോലീസിനും മോട്ടോർ വാഹന വകുപ്പിനും എതിരേ രൂക്ഷമായ ഭാഷയിലായിരുന്നു പലരും വീഡിയോ ചെയ്തിരുന്നത്. മണിക്കൂറുകൾക്കകം ഇവയെല്ലാം അക്കൗണ്ടുകളിൽനിന്ന് അപ്രത്യക്ഷ്യമാവുകയായിരുന്നു. ചിലരാകട്ടെ പുതിയ വീഡിയോ പോസ്റ്റ് ചെയ്ത് ‘ശാന്തമായി’ വിശദീകരണവും നൽകി.

ആർ.ടി. ഓഫീസിൽ അതിക്രമം കാട്ടിയതിന് തിങ്കളാഴ്ചയാണ് ഇ ബുൾ ജെറ്റ് വ്ളോഗർമാരായ എബിനെയും ലിബിനെയും കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. വാഹനം രൂപമാറ്റം വരുത്തിയതിന് ഇവർക്കെതിരേ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. എന്നാൽ ഇതിനെതിരേ ആർ.ടി. ഓഫീസിലെത്തിയ ഇരുവരും ഉദ്യോഗസ്ഥർക്ക് നേരേ തട്ടിക്കയറുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. കേസിൽ കഴിഞ്ഞദിവസം ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു.


ഇ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായെന്ന വാർത്ത പുറത്തറിഞ്ഞതോടെയാണ് പല വ്ളോഗർമാരും ‘പൊട്ടിത്തെറിച്ച്’ വീഡിയോ ചെയ്തത്. ഇതിൽ പല വീഡിയോകളിലും തീർത്തും അസംബന്ധമായ കാര്യങ്ങളായിരുന്നു പറഞ്ഞിരുന്നത്. ചിലതാകട്ടെ അതിരുവിട്ടരീതിയിലുമായി. ഇത്തരത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ച ഒരാളെയാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

കാവനാട് സ്വദേശി റിച്ചാർഡ് റിച്ചുവാണ് അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായത്. പോലീസുകാരെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും അസഭ്യം പറയുന്നതും ഇയാളുടെ വീഡിയോയിലുണ്ടായിരുന്നു. എന്നാൽ ഈ വീഡിയോ റിച്ചാർഡ് റിച്ചു പിന്നീട് പിൻവലിച്ചെങ്കിലും പോലീസ് പിൻവാങ്ങിയില്ല. ചൊവ്വാഴ്ച രാത്രിയോടെ യുവാവിനെ കൈയോടെ പിടികൂടുകയും ചെയ്തു.


നേരത്തെ ‘പൊളി സാന’മെന്ന് പറഞ്ഞ് എയർ ഗൺ പരിചയപ്പെടുത്തിയ ആളാണ് റിച്ചാർഡ് റിച്ചു. ഈ വീഡിയോയിലൂടെയാണ് ഇയാൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. അസഭ്യം പറഞ്ഞ് വീഡിയോ പ്രചരിപ്പിച്ചതിന് പുറമേ, കലാപാഹ്വാനത്തിനും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇയാളുടെ വീഡിയോ ഷെയർ ചെയ്തവരടക്കം നിരീക്ഷണത്തിലാണെന്നാണ് പോലീസ് പറയുന്നത്.

സാമൂഹികമാധ്യമങ്ങളിലൂടെ അസഭ്യം പറയുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വ്ളോഗർമാരുടെ ആരാധകരെന്ന് പറഞ്ഞ് നിയമലംഘനം പ്രോത്സാഹിപ്പിക്കുന്നരീതിയിൽ പ്രകോപനപരമായ വീഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുമെന്നും കമ്മീഷണർ പറഞ്ഞിരുന്നു. പ്രായപൂർത്തിയാകാത്തവരാണെങ്കിൽ ഇവർക്കെതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!