ഡോളര്‍ കടത്തുകേസ്: അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു,ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഡോളർക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിനു പിന്നാലെ പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ചു. പ്രതിപക്ഷാംഗങ്ങൾ സഭാകവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.
ഡോളർക്കടത്ത് കേസിലെ പ്രതികൾ മുഖ്യമന്ത്രിക്കെതിരായി നൽകിയ മൊഴികൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആശങ്കയുണ്ട്. ആ ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പി.ടി. തോമസ് എം.എൽ.എ. നൽകിയ നോട്ടീസിലെ ആവശ്യം. അതേസമയം പ്രതികളുടെ മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ ചർച്ച നടത്തുന്നത് ഉചിതമല്ലെന്ന നിലപാട് സ്വീകരിച്ച സ്പീക്കർ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിക്കുകയായിരുന്നു.
വിവിധ കോടതികളുടെ പരിഗണനയിലുള്ള വിഷയമാണിതെന്നും അതിനാൽത്തന്നെ ഇത് സഭയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും നോട്ടീസിന് അനുമതി നൽകേണ്ടതില്ലെന്നും സ്പീക്കർ വിലയിരുത്തുകയായിരുന്നു.
എന്നാൽ ഇക്കാര്യത്തെ കുറിച്ച് എവിടെ പോയി സംസാരിക്കും എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരാഞ്ഞു. സ്വാശ്രയകേസ്, ശബരിമല വിധി, കൊടകര കുഴൽപ്പണക്കേസ് ഉൾപ്പെടെ മറ്റു പല നോട്ടീസുകളും സഭയിൽ ചർച്ച ചെയ്തിട്ടുണ്ട്. ഇതിനു മാത്രം എന്താണ് വിവേചനം എന്നും അദ്ദേഹം ആരാഞ്ഞു.

