KSDLIVENEWS

Real news for everyone

അഫ്ഗാന് ഇന്ത്യ നല്‍കിയ ‘Mi-24 ഹെലികോപ്റ്റര്‍’ നിയന്ത്രണവും പിടിച്ചെടുത്ത് താലിബാന്‍

SHARE THIS ON

കാബൂൾ : അഫ്ഗാനിസ്താനിൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്ത് സൈന്യത്തിനെതിരേ അക്രമണം ശക്തമാക്കി താലിബാൻ ഭീകരർ. അഫ്ഗാൻ സൈന്യത്തിന്റെ Mi-24 ഹെലികോപ്റ്ററിന്റെ നിയന്ത്രണം പിടിച്ചെടുത്തതായും താലിബാൻ ഭീകരർ അവകാശപ്പെട്ടു. അഫ്ഗാൻ വ്യോമ സേനയ്ക്കായി നേരത്തെ ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്ററായിരുന്നു ഇത്. പിടിച്ചെടുത്ത ഹെലികോപ്റ്ററിന് സമീപം നിലയുറപ്പിച്ച ഭീകരരുടെ ചിത്രങ്ങളും വീഡിയോയും താലിബാൻ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം പറക്കാൻ ആവശ്യമായ റോട്ടർ ബ്ലേഡുകൾ എടുത്തുമാറ്റിയ നിലയിലാണ് ഹെലികോപ്റ്റർ. താലിബാൻ ഹെലികോപ്റ്റർ കൈവശപ്പെടുത്തിയാലും ഇവ അക്രമണത്തിന് ഉപയോഗപ്പെടുത്താതിരിക്കാൻ സൈന്യം ഇവ മുൻകൂട്ടി എടുത്ത് ഒഴിവാക്കിയതാണെന്നാണ് റിപ്പോർട്ടുകൾ. 2019ലാണ് Mi-24 ഹെലികോപ്റ്റർ ഇന്ത്യ അഫ്ഗാൻ വ്യോമ സേനയ്ക്ക് സമ്മാനിച്ചത്. മൂന്ന് ചീറ്റ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററും ഇതിനൊപ്പം അഫ്ഗാന് കൈമാറിയിരുന്നു. അഫ്ഗാനിസ്താനിൽ നിന്ന് അമേരിക്കൻ സേന പിൻവാങ്ങിയതോടെ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുകയാണ്. രാജ്യത്തെ സുപ്രധാന മേഖലകൾ ഒന്നൊന്നായി താലിബാൻ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്തിലേറെ പ്രവിശ്യാ തലസ്ഥാനങ്ങൾ താലിബാൻ നിയന്ത്രണത്തിലാക്കിയിരുന്നു. നിലവിൽ അഫ്ഗാന്റെ 65 ശതമാനം നിയന്ത്രണവും താലിബാൻ പിടിച്ചെടുത്തിട്ടുണ്ട്. അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിനെ 30 ദിവസത്തിനുള്ളിൽ താലിബാൻ ഒറ്റപ്പെടുത്തുമെന്നും 90 ദിവസത്തിനുള്ളിൽ പിടിച്ചെടുക്കുമെന്നുമുള്ള യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!