KSDLIVENEWS

Real news for everyone

സത്യംഅഫ്ഗാന്‍: എന്നെ മിസ് ചെയ്യുന്നില്ലേ? തന്റെ അഭാവം ഓര്‍മ്മിപ്പിച്ചും ബൈഡന്റെ രാജി തേടിയും ട്രംപ്

SHARE THIS ON

വാഷിങ്ടൺ: അഫ്ഗാനിസ്താനിൽ നടക്കുന്ന സംഭവവികാസങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ രാജിവെക്കണമെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഫ്ഗാനിലെ താലിബാൻ അധിനിവേശത്തെ പ്രതിരോധിക്കാൻ യുഎസിന് സാധ്യമാകാത്ത സാഹചര്യത്തിൽ ബൈഡൻ രാജി വെക്കുന്നതാണ് നല്ലതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

അഫ്ഗാനിൽ അരങ്ങേറുന്ന സംഭവങ്ങൾ അത്യന്തം അപമാനകരമാണെന്നും ബൈഡൻ രാജിവെക്കുകയാണ് വേണ്ടതെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ട ട്രംപ് യു.എസിലെ കോവിഡ് വ്യാപനത്തിലും ആഭ്യന്തര കുടിയേറ്റത്തിലും സാമ്പത്തിക-ഊർജ്ജനയങ്ങളിൽ ബൈഡനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇരുപതോളം കൊല്ലം അഫ്ഗാനിൽ തുടർന്ന യു.എസ് സൈന്യം ട്രംപിന്റെ പിൻഗാമിയായി ബൈഡൻ എത്തിയതിന് പിന്നാലെയാണ് അഫ്ഗാനിൽ നിന്നുള്ള പിന്മാറ്റമുണ്ടായത്


2001-ൽ യു.എസ്. സഹായത്തോടെയാണ് താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. 2020-ൽ ദോഹയിൽ നടന്ന ചർച്ചയ്ക്ക് ശേഷം സേനയെ പിൻവലിക്കാമെന്ന് ട്രംപ് താലിബാനുമായി കരാറുണ്ടാക്കിയിരുന്നു. 2021-ൽ സൈന്യത്തെ പൂർണമായും പിൻവലിക്കാമെന്നായിരുന്നു ഉടമ്പടി. ഇക്കൊല്ലം ആദ്യം ബൈഡൻ അധികാരത്തിലേറിയ ശേഷവും സൈനിക പിൻമാറ്റത്തിനെതിരെ നടപടികൾ ഉണ്ടായില്ല. 2021 മേയ് മാസത്തോടെ യു.എസ്. സൈന്യത്തെ പിൻവലിച്ചു.

ഇതിന് പിന്നാലെയാണ് താലിബാൻ അഫ്ഗാനിൽ വീണ്ടും അധിനിവേശശ്രമങ്ങൾ ആരംഭിച്ചത്. അധികാരം പൂർണമായും പിടിച്ചെടുത്തതായും രാജ്യം ഇനി ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താൻ എന്നറിയപ്പെടുമെന്നും താലിബാൻ ഞായറാഴ്ച പ്രഖ്യാപിച്ചു. താലിബാന്റെ നീക്കത്തിന് ബൈഡനെ തുടർച്ചയായി കുറ്റപ്പെടുത്തിയ ട്രംപ് താൻ അധികാരത്തിൽ തുടർന്നെങ്കിൽ സൈനിക പിൻമാറ്റം വ്യത്യസ്തവും വിജയകരവുമാക്കി തീർക്കുമായിരുന്നുവെന്ന് പ്രസ്താവിക്കുകയും ചെയ്തു.


അഫ്ഗാനിസ്താന് വേണ്ടി ബൈഡൻ ചെയ്തത് ഐതിഹാസികമാണെന്ന് പരിഹസിച്ച ട്രംപ് അഫ്ഗാനിലെ താലിബാൻ അധിനിവേശം യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി കണക്കാക്കപ്പെടുമെന്നും കുറ്റപ്പെടുത്തി. എന്നാൽ യു.എസിന്റെ സൈനിക പിൻമാറ്റത്തിന് ധാരണയുണ്ടാക്കിയത് ട്രംപായിരുന്നുവെന്നും യു.എസിലെ ഭൂരിഭാഗം ജനങ്ങളും അതിനെ പിന്തുണയ്ക്കുന്നതായും ബൈഡൻ ഭരണകൂടം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!