KSDLIVENEWS

Real news for everyone

യു.എസ്സിനെ സഹായിച്ചവരെ തേടി താലിബാന്‍, വീടുകള്‍ കയറിയിറങ്ങി തിരച്ചില്‍; വിചാരണയും ശിക്ഷയും

SHARE THIS ON

കാബൂൾ: അഫ്ഗാനിസ്താനിൽ ഭരണം പിടിച്ചടക്കിയ താലിബാൻ വീടുകൾ കയറിയിറങ്ങി തിരച്ചിൽ നടത്തുന്നതായി റിപ്പോർട്ട്. നേരത്തെ യു.എസ്, നാറ്റോ സേനയെ സഹായിച്ചവരെ ലക്ഷ്യമിട്ടാണ് താലിബാന്റെ പരിശോധനയെന്ന് യു.എന്നിന് വേണ്ടി തയ്യാറാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കാബൂൾ വിമാനത്താവളത്തിലേക്ക് പോകുന്നവരെയും താലിബാൻ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. തങ്ങൾക്ക് വഴങ്ങാൻ വിസമ്മതിക്കുന്നവരെ ലക്ഷ്യമിട്ടാണ് നിലവിൽ താലിബാൻ പരിശോധന നടത്തുന്നത്. ഇവരെയും കുടുംബത്തെയും ശരീഅത്ത് നിയമപ്രകാരം വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട് തയ്യാറാക്കിയ സംഘത്തിന്റെ തലവൻ വാർത്താ ഏജൻസിയോട് വ്യക്തമാക്കി. നാറ്റോ, യു.എസ് സേനകൾക്കൊപ്പം പ്രവർത്തിച്ചവരെയും അവരെ സഹായിച്ചവരെയുമാണ് താലിബാൻ ലക്ഷ്യമിടുന്നത്. ഇവരെയും കുടുംബാംഗങ്ങളെയും താലിബാൻ ഉപദ്രവിക്കുമെന്നും വധശിക്ഷ ഉൾപ്പെടെ നടപ്പിലാക്കിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. താലിബാന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ടവരുടെ ജീവൻ അപകടത്തിലാണെന്നാണ് മുന്നറിയിപ്പ്. ഇവരെ കൂട്ടമായി വധശിക്ഷയ്ക്ക് വിധേയമാക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ, അഫ്ഗാനിസ്താനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ തിരികെയെത്തിക്കാൻ എല്ലാരാജ്യങ്ങളും ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കാബൂൾ വിമാനത്താവളത്തിൽനിന്ന് 18,000 പേരെ ഒഴിപ്പിപ്പിച്ചെന്നാണ് നാറ്റോ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. ആറായിരത്തോളം പേർ അടുത്തദിവസങ്ങളിലായി രാജ്യം വിടാൻ കാത്തിരിക്കുകയാണ്. പുരോഗമനപരമായ മാറ്റങ്ങളോടെയാകും ഇത്തവണ തങ്ങളുടെ ഭരണമെന്ന് താലിബാൻ ആവർത്തിക്കുമ്പോഴും ജനങ്ങൾ ആശങ്കയിലാണെന്നാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുമെന്നും സമാധാനം പാലിക്കുമെന്നും താലിബാൻ പറയുമ്പോഴും ആയിരക്കണക്കിന് പേരാണ് കാബൂളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. 1996-2001 കാലഘട്ടത്തിലെ താലിബാൻ ഭരണത്തിന്റെ ഓർമകളാണ് ഇവരെയെല്ലാം ഭയപ്പെടുത്തുന്നത്. അന്നത്തെ ഭരണകാലയളവിൽ സ്ത്രീകൾക്ക് പൊതുജീവിതത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പെൺകുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തു. പരസ്ത്രീ,പരപുരുഷ ബന്ധം കണ്ടെത്തിയാൽ കല്ലെറിഞ്ഞ് കൊല്ലുകയെന്നതായിരുന്നു ശിക്ഷ. സംഗീതത്തിനും ടെലിവിഷൻ പരിപാടികൾക്കും താലിബാൻ ഭരണകാലയളവിൽ വിലക്കേർപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!