KSDLIVENEWS

Real news for everyone

ഇന്ത്യക്കാരെ ചോദ്യംചെയ്ത് വിട്ടയച്ച് താലിബാൻ; എല്ലാവരും സുരക്ഷിതരെന്ന് അധികൃതർ

SHARE THIS ON

കാബൂൾ∙ അഫ്ഗാനിസ്ഥാനിലെ കാബൂളിൽവച്ചു താലിബാൻ സംഘം പിടിച്ചുകൊണ്ടുപോയ 150 ഇന്ത്യക്കാരെ വിട്ടയച്ചു. ഇവർ കാബൂൾ വിമാനത്താവളത്തിനു സമീപത്തെ ഗാരേജിൽ എത്തിയെന്നും ഇവരുടെ പാസ്പോർട്ട്, ടിക്കറ്റ് ഉൾപ്പെടെയുള്ളവ പരിശോധിക്കുകയാണെന്നും ‘എൻ‍‍ഡിടിവി’ റിപ്പോർട്ടു ചെയ്തു.‍‍‍ ഉടൻ ഇന്ത്യയിലേക്ക് പുറപ്പെടുമെന്നാണ് വിവരം. നേരത്തെ, താലിബാൻ സംഘം ട്രക്കുകളിലാണ് ഇവരെ ചോദ്യം ചെയ്യാനായി സമീപമുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് ഉന്നത സർക്കാർവൃത്തങ്ങൾ അറിയിച്ചു. രക്ഷാദൗത്യവുമായി ഇന്ത്യ; 85 പേരുമായി കാബൂളിൽനിന്ന് വ്യോമസേനാ വിമാനം പുറപ്പെട്ടു വ്യോമസേനയുടെ സി-130ജെ വിമാനം കാബൂളിൽനിന്ന് 85 ഇന്ത്യക്കാരുമായി കാബൂൾ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യക്കാരെ താലിബാൻ സംഘം പിടിച്ചുകൊണ്ടുപോയതായി വാർത്ത പുറത്തുവന്നത്. വിമാനം തജിക്കിസ്ഥാനിലെ ദുഷാൻബെയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ രക്ഷാദൗത്യത്തിനായി മറ്റൊരു വിമാനം കാബൂൾ വിമാനത്താവളത്തിലുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു. കാബൂളിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്. കാബൂൾ വിമാനത്താവളത്തിന്റെ പൂര്‍ണ ചുമതല അമേരിക്കന്‍ സൈന്യത്തിനാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!