KSDLIVENEWS

Real news for everyone

അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് വിമാനത്താവളത്തിലേക്ക് പ്രവേശനമില്ല, യുഎസ് സേന 31നകം രാജ്യംവിടണം-താലിബാന്‍

SHARE THIS ON

കാബൂൾ: പാഞ്ച്ശിറിലെ പ്രശ്നങ്ങൾ സമാധാനപൂർണമായി പരിഹരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് താലിബാൻ. ഓഗസ്റ്റ് 31-ഓടെ അഫ്ഗാനിസ്താനിൽനിന്ന് അമേരിക്കൻ സൈന്യം പൂർണമായും പിന്മാറണമെന്നും താലിബാൻ ആവർത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ താലിബാൻ വക്താവ് സബീഹുള്ള മുജാഹിദാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പാഞ്ച്ശിറിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മുജാഹിദ് കൂട്ടിച്ചേർത്തു.

അഫ്ഗാനിലെ യുദ്ധം അവസാനിച്ചതായി ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഒരു വെടിയുണ്ടപോലും ഉതിർക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല. അൽപം ആശങ്കയുള്ളവരുമായി ഞങ്ങൾ ചർച്ച നടത്തുന്നുണ്ട്. ഒരു ശതമാനം ആളുകൾ വിശ്വസിക്കുന്നത് പ്രശ്നങ്ങൾ പ്രശ്നങ്ങളിലൂടെ പരിഹരിക്കപ്പെടുമെന്നാണ്- മുജാഹിദ് പറഞ്ഞു.


അതേസമയം മറ്റൊരു ഞെട്ടിക്കുന്ന പ്രഖ്യാപനവും താലിബാൻ വാർത്താസമ്മേളനത്തിൽ നടത്തി. അഫ്ഗാൻ പൗരന്മാരെ ഇനിമുതൽ കാബൂൾ വിമാനത്താവളത്തിലേക്ക് പോകാൻ അനുവദിക്കുകയില്ലെന്ന് മുജാഹിദ് പറഞ്ഞു. അഫ്ഗാൻ പൗരന്മാർ നാടുവിടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

കാബൂൾ വിമാനത്താവളത്തിൽ ആളുകൾ സംഘം ചേരുന്നതും സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാനുമാണിതെന്നാണ് താലിബാൻ വാദം. വിദേശികൾക്കു മാത്രമേ ഇനി വിമാനത്താവളത്തിലേക്ക് പോകാനാകൂവെന്നും മുജാഹിദ് പറഞ്ഞു. അഫ്ഗാനിൽ ജനജീവിതം സാധാരണനിലയിലേക്ക് തിരികെ വരികയാണെന്ന് അവകാശപ്പെട്ട മുജാഹിദ്, കാബൂൾ വിമാനത്താവളത്തിലെ തിരക്കും ബഹളവും ഒരു പ്രശ്നമായി അവശേഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.


താലിബാൻ, വീടുകൾ തോറും കയറിയിറങ്ങിയുള്ള പരിശോധനകൾ നടത്തുന്നില്ലെന്നും മുജാഹിദ് പറഞ്ഞു. യു.എസ്., നാറ്റോ സേനയുമായി അടുപ്പം പുലർത്തിയിരുന്ന, തങ്ങളുടെ എതിരാളികളെയും അവരുടെ കുടുംബാംഗങ്ങളെയും തിരഞ്ഞ് താലിബാൻ വീടുകൾതോറും കയറി പരിശോധന നടത്തുന്നുണ്ടെന്ന് യു.എൻ. രഹസ്യരേഖയിലെ വിവരങ്ങൾ പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുജാഹിദിന്റെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

അതേസമയം, താലിബാനും സി.ഐ.എയും തമ്മിൽ ഏതെങ്കിലും കൂടിക്കാഴ്ച നടന്നതായി തനിക്ക് അറിവില്ലെന്നും മുജാഹിദ് പറഞ്ഞു. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ മേധാവി വില്യം ബേൺസുമായി താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൾ ഘനി ബരാദർ കാബൂളിൽ രഹസ്യകൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!