KSDLIVENEWS

Real news for everyone

ചെർക്കള സ്റ്റാൻഡിൽ കയറാത്ത ബസുകൾ വ്യാപാരികൾ തടഞ്ഞു

SHARE THIS ON

ചെർക്കള: ബസ് സ്റ്റാൻഡിൽ കയറാതെ യാത്രക്കാരെ വട്ടംകറക്കിയിരുന്ന സ്വകാര്യ ബസുകൾ വ്യാപാരികൾ തടഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ചെർക്കള യൂണിറ്റിന്റെ നേതൃത്വത്തിലാണ് ബസുകൾ തടഞ്ഞത്.

ചൊവ്വാഴ്ച രാവിലെ മുതൽ ഉച്ചവരെയാണ് സ്റ്റാൻഡിലേക്ക് കയറാതെ ഓടിയിരുന്ന ബസുകൾ തടഞ്ഞ് സ്റ്റാൻഡിലേക്ക് തിരിച്ചുവിട്ടത്. കെ.എസ്.ആർ.ടി.സി. ഒഴികെയുള്ള ബസുകളിൽ പലതും പുതിയ ബസ് സ്റ്റാൻഡിൽ കയറാതെയാണ് സർവീസ് നടത്തിയിരുന്നത്. വെയിലും മഴയും കൊണ്ട് യാത്രക്കാർ ബസ് കാത്ത് പാതയോരത്ത് നിൽക്കുന്നത് ഏറെ പ്രയാസപ്പെടുത്തിയിരുന്നു.


ബദിയഡുക്ക, കുറ്റിക്കോൽ, മുള്ളേരിയ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഏറെ സമയം ബസ് കാത്ത് റോഡരികിൽ നിൽക്കേണ്ടിവരുന്നു. ശൗചാലയങ്ങൾപോലുമില്ലാത്തിടത്ത് ഏറെസമയം കാത്തുനിൽക്കേണ്ടിവരുന്നത് യാത്രക്കാരിൽ കടുത്ത പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

ചെർക്കളയിലെ ബസ് സ്റ്റാൻഡിൽ മാത്രം 20-ലേറെ കടമുറികളുണ്ട്. കടമുറികൾക്ക് ഭീമമായ വാടകയാണ് നൽകിവരുന്നത്. യാത്രക്കാരെ മാത്രം ലക്ഷ്യമിട്ടാണ് ഇവിടെ വ്യാപാരം നടത്തുന്നത്. ബസുകൾ സ്റ്റാൻഡിൽ കയറാതെ വന്നതൊടെ വ്യാപാരവും ഗണ്യമായി കുറഞ്ഞു. കോവിഡിനെ തുടർന്ന് ഏറെക്കാലം അടച്ചിടേണ്ടിവന്ന വ്യാപാരികൾക്ക് ഇത് കനത്ത പ്രഹരമായി.


ചെർക്കള സ്റ്റാൻഡിലേക്കുള്ള തകർന്ന റോഡുകൾ ചൂണ്ടിക്കാട്ടിയാണ് ഏറെക്കാലം ബസുകൾ സ്റ്റാൻഡിനെ കൈയൊഴിഞ്ഞിരുന്നത്. റോഡുകൾ നവീകരിച്ചിട്ടും ബസുകൾ കയറാതെ പോകുന്നതാണ് വ്യാപാരികളിൽ പ്രതിഷേധത്തിനിടയാക്കിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി ചെർക്കള യൂണിറ്റ് പ്രസിഡന്റ് ബി.എം.ഷറീഫ്, ജനറൽ സെക്രട്ടറി അഹമ്മദ് ലുലു, ഭാരവാഹികളായ സാദിഖ് നെക്ര, റഷീദ് കനിയടുക്കം, എ.അശോകൻ നമ്പ്യാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബസുകൾ തടഞ്ഞത്. കളക്ടർക്കും ബന്ധപ്പെട്ടവർക്കും ഇതുസംബന്ധിച്ച് വ്യാപാരികൾ നിവേദനം നൽകിയിട്ടുണ്ട്. സ്റ്റാൻഡിൽ ബസുകൾ കയറുന്നില്ലെങ്കിൽ ബഹുജന പിന്തുണയോടെ ശക്തമായ സമരം നടത്തുമെന്ന് യൂണിറ്റ് പ്രസിഡന്റ് ബി.എം.ഷറീഫ് പറഞ്ഞു.

ബസുകളിൽ ചിലത് സ്റ്റാൻഡിൽ കയറാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അടുത്തദിവസം മുതൽ മുഴുവൻ ബസുകളും സ്റ്റാൻഡിൽ കയറ്റുന്നതിന് നിർദേശം നൽകിയതായി ബസ് ഉടമ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ഗിരീഷ് പറഞ്ഞു. കോവിഡ് വ്യാപന ഭീതിയെ തുടർന്ന് യാത്രക്കാർ കുറവായതിനാൽ ചുരുങ്ങിയ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നും ഗിരീഷ് കൂട്ടിച്ചേർത്തു.

ബസുകൾക്കെതിരേ നടപടിയെടുക്കും -ആർ.ടി.ഒ


ചെർക്കള സ്റ്റാൻഡിൽ കയറാതെ സർവീസ് നടത്തുന്ന ബസുകൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആർ.ടി.ഒ. എ.കെ.രാധാകൃഷ്ണൻ അറിയിച്ചു. ബസുകൾ സ്റ്റാൻഡിൽ കയറ്റാത്തത് യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ ജീവനക്കാർ അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തുമെന്നും ആർ.ടി.ഒ. കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!