ഇത് ശുദ്ധജല പിടിപ്പുകേട്; 80 കോടിയോളം രൂപ ചെലവഴിച്ചിട്ടും ഒരാൾക്കു പോലും ശുദ്ധജലം നൽകാനാകാതെ ഒരു പദ്ധതി-

ശുദ്ധീകരണവും സംഭരണവും ഭാഗികമായി എങ്കിലും നടന്നാലും വിതരണത്തിനു യാതൊരു സംവിധാനവും ഒരുക്കാതെ ഒരു വൻകിട ശുദ്ധജല വിതരണ പദ്ധതി. ചെങ്കള, മധൂർ, മുളിയാർ, മൊഗ്രാൽ പുത്തൂർ, ചെമ്മനാട് പഞ്ചായത്തുകളിലേക്കും കാസർകോട് നഗരസഭയിലേക്കുമായി 2013ൽ നിർമാണം തുടങ്ങിയ ശുദ്ധജല വിതരണ പദ്ധതിയിൽ വീടുകളിലേക്കുള്ള പൈപ്പ്ലൈൻ ഇതുവരെ സ്ഥാപിച്ചിട്ടില്ല. കോടികൾ മുടക്കിയിട്ടും അതു പ്രയോജനത്തിലെത്താത്ത അവസ്ഥ…
കാസർകോട് ∙ 80 കോടിയോളം രൂപ ചെലവഴിച്ചിട്ടും ഒരാൾക്കു പോലും ശുദ്ധജലം നൽകാനാകാതെ ഒരു പദ്ധതി. ചെങ്കള, മധൂർ, മുളിയാർ, മൊഗ്രാൽ പുത്തൂർ, ചെമ്മനാട് പഞ്ചായത്തുകളിലേക്കും കാസർകോട് നഗരസഭയിലേക്കുമായി 2013ൽ നിർമാണം തുടങ്ങിയ ശുദ്ധജല പദ്ധതിയാണു ജലവിതരണം തുടങ്ങാതെ നോക്കുകുത്തി ആയിരിക്കുന്നത്.
പയസ്വിനിപ്പുഴയിലെ വെള്ളം ശുദ്ധീകരിച്ചു പൈപ്പ്ലൈനിലൂടെ വീടുകളിലേക്ക് എത്തിക്കുന്നതായിരുന്നു പദ്ധതി. ചെമ്മനാട് പഞ്ചായത്ത് ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ നിർമാണം പൂർത്തിയായെങ്കിലും വീടുകളിലേക്കുള്ള പൈപ്പ്ലൈൻ ഇതുവരെ സ്ഥാപിച്ചിട്ടില്ല. നിലവിലെ എസ്റ്റിമേറ്റിൽ വിതരണ ശൃംഖല സ്ഥാപിക്കുന്നത് ഉൾപ്പെടാത്തതിനാൽ ജൽജീവൻ മിഷൻ വഴി പൈപ്പ്ലൈൻ സ്ഥാപിച്ചാലേ വിതരണം തുടങ്ങാൻ കഴിയുകയുള്ളൂ എന്നാണ് അധികൃതർ പറയുന്നത്.
ആദ്യഘട്ടത്തിൽ 42 കോടി
കേന്ദ്ര ഗ്രാമീണ ശുദ്ധജല പദ്ധതിയിലെ 19 കോടി രൂപയും നബാർഡ് അനുവദിച്ച 23 കോടി രൂപയും ചേർത്ത് ചെങ്കള, മധൂർ, മുളിയാർ, മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകൾക്കായാണ് ആദ്യം പദ്ധതി തയാറാക്കിയത്. 2013ൽ അന്നത്തെ ജലവിഭവ വകുപ്പു മന്ത്രിയായിരുന്ന പി.ജെ.ജോസഫ് തറക്കല്ലിട്ടു. 2 വർഷത്തിനുള്ളിൽ ജലവിതരണം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.
പയസ്വിനിപ്പുഴയിലെ ബാവിക്കരയിൽ പമ്പിങ് സ്റ്റേഷൻ, നുസ്രത്ത് നഗറിൽ ശുദ്ധീകരണ നിലയം, 4 പഞ്ചായത്തുകളിൽ 2 വീതം സംഭരണികൾ എന്നിവയായിരുന്നു പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. ശുദ്ധീകരണ നിലയം ഒഴികെ ബാക്കിയുള്ളവ 2 വർഷത്തിനുള്ളിൽ പൂർത്തിയായി. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ പണി തുടങ്ങാത്തതിനാൽ ശുദ്ധീകരണ നിലയത്തിനു വകയിരുത്തിയ 6 കോടി രൂപ നഷ്ടപ്പെട്ടു. അങ്ങനെ പദ്ധതി അനിശ്ചിതത്വത്തിലായി. വീടുകളിലേക്കുള്ള വിതരണ ശൃംഖല മറ്റേതെങ്കിലും പദ്ധതിയിലൂടെ സ്ഥാപിക്കാം എന്നായിരുന്നു കരുതിയിരുന്നത്.
വീണ്ടും ജീവൻ വയ്പ്പിച്ചത് കിഫ്ബി
2017ൽ കിഫ്ബി ധനസഹായം ലഭിച്ചതോടെയാണ് രണ്ടാം ഘട്ടത്തിൽ ചെമ്മനാട് പഞ്ചായത്തും കാസർകോട് നഗരസഭയും പദ്ധതിയുടെ ഭാഗമായത്. ഒപ്പം ജലശുദ്ധീകരണ നിലയം പണിയുന്നതും പദ്ധതിയുടെ ഭാഗമായി. 76 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. ജില്ലയിലെ ഏറ്റവും വലിയ ശുദ്ധീകരണ നിലയത്തിന്റെ പണി മുളിയാർ നുസ്രത്ത് നഗറിൽ മാസങ്ങൾക്കു മുൻപു പൂർത്തിയായി. ആഴ്ചകൾക്കു മുൻപ് പരീക്ഷണ ഓട്ടവും വിജയകരമായി നടത്തി.
ചെങ്കള, മധൂർ, മുളിയാർ, മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകളിലും കാസർകോട് നഗരസഭയിലുമായി 6000 കുടുംബങ്ങൾക്കാണു ജലഅതോറിറ്റി നിലവിൽ ശുദ്ധജലം വിതരണം െചയ്യുന്നത്. ഇതിനു പുറമെ ചെമ്മനാട് പഞ്ചായത്ത് കൂടി ഉൾപ്പെടുത്തി 30000 കുടുംബങ്ങൾക്കെങ്കിലും ശുദ്ധജലം എത്തിക്കാൻ കഴിയുന്നതാണു പുതിയ പദ്ധതി.കാസർകോട് നഗരസഭയിൽ നേരത്തെ തന്നെ ജലവിതരണം ഉണ്ടെങ്കിലും പൈപ്പ് പഴയതായതിനാൽ ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടായിരുന്നു. വിദ്യാനഗറിലെ ശുദ്ധീകരണ നിലയം ചെറുതുമായിരുന്നു.
ഒറ്റ സ്ഥലത്തു നിന്ന് എല്ലായിടത്തേക്കും വിതരണം ചെയ്യാൻ കഴിയുമെന്നത് പുതിയ പദ്ധതിയുടെ ഗുണമാണ്. കാസർകോട് നഗരസഭയിലെ 2 പുതിയ സംഭരണികളുടെയും പണി പൂർത്തിയായി. ചെമ്മനാട് പഞ്ചായത്തിൽ സ്ഥലം ഏറ്റെടുക്കാൻ വൈകിയതിനാൽ പണി തുടങ്ങിയിട്ടില്ല. സ്ഥലം ലഭിച്ചെങ്കിലും പണം കൊടുക്കാനുള്ള നടപടി പുരോഗമിക്കുന്നതേയുളളൂ. കിഫ്ബി ഫണ്ടിൽ നിന്ന് 44 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്.
കാത്തിരിപ്പ് വൈദ്യുതിക്കായും
2 പമ്പിങ് സ്റ്റേഷനും ഒരു ശുദ്ധീകരണ നിലയവും പ്രവർത്തിപ്പിക്കാനായി 1000 കെവി ശേഷിയുള്ള 3 ട്രാൻസ്ഫോമറുകളാണു സ്ഥാപിച്ചിട്ടുള്ളത്. ഇവിടേക്ക് നിലവിലുള്ള ലൈനിൽ നിന്നു വൈദ്യുതി എടുത്താൻ ഗാർഹിക ഉപയോക്താക്കൾക്കു വോൾട്ടേജ് കമ്മി ഉണ്ടായേക്കും. അതുകൊണ്ട് വിദ്യാനഗർ കെഎസ്ഇബി സബ് സ്റ്റേഷനിൽ നിന്നു നേരിട്ട് വൈദ്യുതി എത്തിക്കാനുള്ള തീരുമാനമാണ് എടുത്തത്. ഇതിനായി 3.85 കോടി രൂപ കെഎസ്ഇബിക്ക് അടയ്ക്കുകയും ചെയ്തു. ദേശീയപാത അതോറിറ്റിയുടെയും മരാമത്ത് വകുപ്പിന്റെയും അനുമതിക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ കെഎസ്ഇബി.
പ്രതീക്ഷ ജൽജീവൻ മിഷനിൽ:
അപ്പോഴും നഗരസഭ പുറത്ത്ഗ്രാമീണ മേഖലകളിൽ ശുദ്ധജലം എത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ജൽജീവൻ മിഷൻ പദ്ധതിയിലൂടെ 5 പഞ്ചായത്തുകളിലെയും വീടുകളിലേക്കുള്ള പൈപ്പിടൽ നടത്താനാണു ജല അതോറിറ്റി ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ തന്നെ ഈ പഞ്ചായത്തുകൾ ഉൾപ്പെടുത്താനുള്ള നിർദേശമാണ് സമർപ്പിച്ചിട്ടുള്ളത്. സംസ്ഥാനതല സ്കീം കമ്മിറ്റി ഇതിന് അംഗീകാരം നൽകി. ഇനി ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചാൽ ടെൻഡർ ചെയ്യാം. അതേസമയം, ജൽജീവൻ മിഷനിൽ നഗരസഭയെ ഉൾപ്പെടുത്താൻ കഴിയാത്തതിനാൽ നഗരസഭയിൽ പുതിയ വിതരണ ശൃംഖല സ്ഥാപിക്കാൻ മറ്റേതെങ്കിലും പദ്ധതിയെ ആശ്രയിക്കേണ്ടതായി വരും.

