കുണ്ടറ പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണം; മന്ത്രി എ.കെ.ശശീന്ദ്രന് ക്ലീന്‍ചിറ്റ്

കൊല്ലം: കുണ്ടറ പീഡന കേസ് പരാതി ഒതുക്കാൻ ഇടപെട്ടെന്ന ആരോപണത്തിൽ മന്ത്രി എ.കെ.ശശീന്ദ്രന് പോലീസിന്റെ ക്ലീൻചിറ്റ്. പരാതി പിൻവലിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിക്കെതിരേ കേസെടുക്കാനാവില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
വിഷയം ‘നല്ലരീതിയിൽ’ പരിഹരിക്കണമെന്നാണ് ശശീന്ദ്രൻ നിർദേശിച്ചതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇത് സംബന്ധിച്ച് ശാസ്താംകോട്ട ഡിവൈ.എസ്.പി. കൊല്ലം റൂറൽ എസ്പിക്ക് നൽകിയ റിപ്പോർട്ട് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
യൂത്ത്ലീഗ് നേതാവായ സഹൽ നൽകിയ പരാതിയിലാണ് പോലീസ് റിപ്പോർട്ട്. മന്ത്രി പരാതി പിൻവലിക്കാൻ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിൽ കേസെടുക്കാൻ പോലീസിനാവില്ല. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം തേടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരിയായ ഇരയോട് മന്ത്രി സംസാരിച്ചിട്ടില്ല. അവരുടെ അച്ഛനോട് മാത്രമാണ് സംസാരിച്ചത്. ഇരയുടെ പേരോ മറ്റോ മന്ത്രി പരാമർശിച്ചിട്ടില്ലെന്നും ശശീന്ദ്രന് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്നും പരാതിയിൽ സ്വാഭാവികമായ നടപടിയുണ്ടാകുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു.

