KSDLIVENEWS

Real news for everyone

16-കാരിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമം; പിന്നില്‍ പ്രണയത്തെച്ചൊല്ലിയുള്ള കലഹമെന്ന് പോലീസ്

SHARE THIS ON

പാലക്കാട്: മണ്ണാർക്കാട്ട് പെൺകുട്ടിയെ വീട്ടിൽക്കയറി കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ പ്രണയത്തെച്ചൊല്ലിയുള്ള കലഹമെന്ന് പോലീസ്. കേസിൽ പ്രതിയായ ജംഷീറിനെ കഴിഞ്ഞദിവസം തന്നെ അറസ്റ്റ് ചെയ്തെന്നും ഇയാൾക്കെതിരേ വധശ്രമം, അതിക്രമിച്ചുകയറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം പുലർച്ചെയാണ് ജംഷീർ 16 വയസ്സുകാരിയെ വീട്ടിൽക്കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്. പെൺകുട്ടിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താനായിരുന്നു ശ്രമം. നിലവിളി കേട്ട് മുത്തശ്ശി ഓടിയെത്തിയതാണ് പെൺകുട്ടിക്ക് രക്ഷയായത്. തുടർന്ന് മുത്തശ്ശിയെ മർദിച്ചശേഷം പ്രതി വീട്ടിൽനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിനുശേഷം മണ്ണാർക്കാട്ടെ ഒളിത്താവളത്തിലായിരുന്ന പ്രതിയെ ചൊവ്വാഴ്ച രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജംഷീറും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇതിലുണ്ടായ തർക്കങ്ങളാണ് കൊലപാതകശ്രമത്തിൽ കലാശിച്ചതെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. ഇരുവരും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നു. ഒരുവർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധം വിലക്കി. എന്നാൽ ഇവർ തമ്മിൽ പ്രണയം തുടർന്നിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായതെന്നും ഇതിലുണ്ടായ കലഹങ്ങളാണ് വധശ്രമത്തിൽ എത്തിയതെന്നും പോലീസ് പറഞ്ഞു. അതേസമയം, ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിയെ ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!