KSDLIVENEWS

Real news for everyone

ഒമ്പത് വര്‍ഷം കഴിയുമ്പോഴും ഞാന്‍ താലിബാന്‍റെ ആ വെടിയുണ്ടയുടെ ആഘാതത്തിലാണ് -മലാല

SHARE THIS ON

ബോസ്റ്റൺ: താലിബാന്റെ ക്രൂരതയ്ക്കിരയായി ഒമ്പത് വർഷങ്ങൾ കഴിയുമ്പോഴും മലാലയ്ക്ക് ഇതുവരേയും ആ ദിനത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറുന്ന വാർത്തകൾ പുറത്തുവരുമ്പോൾ അന്നത്തെ ആ പതിനഞ്ചുവയസ്സുകാരിയായ മലാല ആ കറുത്തദിനത്തെ ഓർത്തെടുക്കുകയാണ്. പോഡിയത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താൻ നേരിട്ട അതിക്രമത്തെക്കുറിച്ച് ഓർത്തെടുക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും മലാല പോസ്റ്റ് ചെയ്ത കുറിപ്പിൽ ആഹ്വാനം ചെയ്തു. ‘

2012ലാണ് മലാല താലിബാന്റെ ക്രൂരതയ്ക്ക് ഇരയായത്. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയ മലാലയ്ക്ക് നേരെ പാകിസ്താനിൽ വെച്ച് താലിബാൻ ഭീകരർ വെടിയുതിർക്കുകയായിരുന്നു

‘2012 ഒക്ടോബറിൽ താലിബാൻ ഭീകരർ എന്റെ സ്കൂൾ ബസിൽ അതിക്രമിച്ചുകയറി എനിക്ക് നേരെ വെടിയുതിർത്തു. പുരികം തുളച്ച് വെടിയുണ്ട അകത്തേക്ക് കയറി. തലയോട്ടിക്കും തലച്ചോറിനും ക്ഷതമുണ്ടാക്കി. മുഖത്തെ ഞരമ്പുകൾക്ക് കേടുപാടുണ്ടാക്കി, എല്ലുകൾ തകർത്തു. ശരീരത്തിൽ നിന്ന് വെടിയുണ്ട പുറത്തെടുത്ത ശസ്ത്രക്രിയയുടെ പാടുകൾ ഇപ്പോഴും എന്റെ പിന്നിലുണ്ട്. മലാല പോഡിയത്തിൽ കുറിച്ചു.

Mathrubhumi Malayalam News
താലിബാൻ ആക്രമണത്തിനിരയായ മലാലയെ ആശുപത്രിയിലേക്ക് മാറ്റുന്നു

ആക്രമണത്തിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ച് മലാലയ്ക്ക് ഓർമയില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് മലാല തന്റെ അടുത്ത സുഹൃത്തുമായി സംസാരിച്ചിരുന്നു. താലിബാൻ ആക്രമിച്ച ദിവസം മലാലയുടെ തൊട്ടടുത്ത് ഇരുന്നത് ഈ സുഹൃത്താണ്. അന്ന് താലിബാൻ ഭീകരനുതിർത്ത ഒരു വെടിയുണ്ട സുഹൃത്തിന്റെ കയ്യിലും മുറിവേൽപ്പിച്ചു. അന്നത്തെ സംഭവങ്ങളെക്കുറിച്ച് മലാല സുഹൃത്തിനോട് ചോദിച്ചു.

ഭീകരരെ കണ്ട അന്ന് ഞാൻ നിലവിളിച്ചോ? ഓടിപ്പോയോ? മലാല ചോദിച്ചു. ഇല്ലെന്നായിരുന്നു സുഹൃത്തിന്റെ മറുപടി.

‘അന്ന് നീ നിശ്ചലമായി നിന്ന് താലിബാൻ ഭീകരരുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കുകയായിരുന്നു. എന്റെ കൈ നീ മുറുകെ പിടിച്ചു. ആ വേദന ദിവസങ്ങളോളം എനിക്കുണ്ടായി. വെടിയേറ്റതിനു പിന്നാലെ മുഖം പൊത്തി എന്റെ മടിയിലേക്ക് കുഴഞ്ഞുവീണു. ‘ സുഹൃത്ത് പറഞ്ഞതായി മലാല പോഡിയത്തിൽ കുറിച്ചു.

ശരീരത്തിൽ വെടിയേറ്റതിന്റെ പാടുകളുണ്ട്, ശസ്ത്രക്രിയയുടെ പാടുകളുണ്ട്. എന്നാലും അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് ഓർമകളൊന്നുമില്ലെന്നാണ് മലാല പറയുന്നത്. എന്നാൽ എല്ലാത്തിനും സാക്ഷിയായി അടുത്തുണ്ടായിരുന്ന സുഹൃത്തിന് ആ ദിവസം പേടിസ്വപ്നമായി അവശേഷിക്കുകയാണ്.null

വെടിയേറ്റതിനു പിന്നാലെ പെഷവാറിൽ നിന്നുള്ള ഡോക്ടർമാരുടെ അടിയന്തര ഇടപെടലിലൂടെയാണ് മലാലയുടെ ജീവൻ രക്ഷിക്കാനായത്. തലച്ചോറിന്റെ സുരക്ഷ കണക്കിലെടുത്ത് ഡോക്ടർമാരുടെ നേതൃത്വത്തിൽ മലാലയുടെ തലയോട്ടിയുടെ ഒരുഭാഗം എടുത്തുമാറ്റി. എന്നാൽ പിന്നാലെ ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായി. തുടർന്ന് ഉടൻ തന്നെ പെഷവാറിൽ നിന്ന് മലാലയെ ഇസ്ലാമാബാദിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടണിലേക്കും മാറ്റി.

Mathrubhumi Malayalam News
മലാല സൂക്ഷിച്ചുവെച്ച തലയോട്ടിയുടെ കഷ്ണം

‘കണ്ണു തുറന്നുനോക്കിയപ്പോൾ ചുറ്റും ആളുകൾ. ഞാൻ ജീവിച്ചിരിക്കുന്നുണ്ടെന്ന് മനസ്സിലായി. എന്നാൽ എവിടെയാണെന്നോ എന്ത് അവസ്ഥയിലാണെന്നോ മനസ്സിലായില്ല. എനിക്കും ചുറ്റിലും ഇംഗ്ലീഷ് സംസാരിക്കുന്ന അപരിചിതർ മാത്രമായിരുന്നു.’ മലാല ഓർത്തെടുത്തു.

കാഴ്ചക്കുറവും ശക്തമായ വേദനയും ദിവസങ്ങളോളം മലാലയെ വേട്ടയാടി. സംസാരിക്കാൻ കഴിയാത്തതിനാൽ പുസ്തകത്തിൽ എഴുതി നൽകിയാണ് ഡോക്ടർമാരുമായി ആശയവിനിമയം നടത്തിയിരുന്നത്. അങ്ങനെ ഒരുദിവസം നേഴ്സിനോട് ഒരു കണ്ണാടി ചോദിച്ചു. ആ കണ്ണാടിയിൽ കണ്ടാണ് തന്റെ തലയുടെ ഒരു ഭാഗം ശൂന്യമാണെന്നും തനിക്ക് ഒരു വശം മാത്രമാണ് ചലിപ്പിക്കാൻ കഴിയുന്നതെന്നും മലാലയ്ക്ക് മനസ്സിലായത്. ഒരു ദിവസം വയറിനുള്ളിൽ കട്ടിയുള്ള എന്തോ തടഞ്ഞുനിൽക്കുന്നത് പോലെ, ഡോക്ടർമാരോട് ചോദിച്ചു. ശസ്ത്രക്രിയ ചെയ്ത് നീക്കിയ തലയോട്ടിയുടെ ഭാഗം സൂക്ഷിച്ചിരിക്കുന്നത് വയറിനുള്ളിലാണെന്നും അത് തിരിച്ചുവയ്ക്കാനായി മറ്റൊരു ശസ്ത്രക്രിയ ഉണ്ടെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ അണുബാധയുടെ സാധ്യത കണക്കിലെടുത്ത് ടൈറ്റാനിയം പ്ലേറ്റ് ഉപയോഗിച്ചാണ് തലയോട്ടിയുടെ ഭാഗം അടച്ചത്. യഥാർഥ തലയോട്ടിയുടെ ഭാഗം ഇപ്പോഴും മലാല സൂക്ഷിച്ചുവെച്ചിരിക്കുന്നു.

രണ്ടാഴ്ച മുൻപ് അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേന പിന്മാറി തുടങ്ങിയപ്പോൾ മലാല തന്റെ ആറാമത്തെ ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. ബോസ്റ്റണിലെ ആശുപത്രിയിൽ രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുമ്പോൾ വന്ന വാർത്ത താലിബാൻ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യകളിലൊന്നായ കുണ്ഡൂസ് പിടിച്ചടക്കിയെന്നാണ്.

Mathrubhumi Malayalam News

തുടർന്നുള്ള ദിവസങ്ങളിൽ, മലാല ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാർക്ക് കത്തുകൾ എഴുതി, നിരവധി ഫോൺ കോളുകൾ ചെയ്തു, അഫ്ഗാനിസ്ഥാനിൽ വനിതാ സാമൂഹ്യ പ്രവർത്തകരുമായി സംസാരിച്ചു. മലാലയുടെ ഇടപെടലിലൂടെ അവരിൽ പലരേയും സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാൻ അവൾക്ക് കഴിഞ്ഞു. ‘ഒമ്പത് വർഷങ്ങൾക്കിപ്പുറവും ഒരു വെടിയുണ്ട നൽകിയ ആഘാതത്തിൽ നിന്ന് താൻ കരകയറാൻ ശ്രമിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ കാലങ്ങളായി താലിബാന്റെ വെടിയുണ്ടകൾ ഏറ്റുവാങ്ങുകയാണെന്ന് ഞാൻ തിരിച്ചറിയുന്നു.’

എല്ലാവരേയും രക്ഷിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം, ഒരു തരത്തിലുള്ള സഹായവും ലഭിക്കാത്തവർക്കൊപ്പമാണ് തന്റെ മനസ്സ്. ആരാലും അറിയപ്പെടാത്ത അവർക്കൊപ്പം, നിലവിളികൾക്കും സഹായ അഭ്യർഥനകൾക്കും മറുപടി ലഭിക്കാത്തവർക്ക് വേണ്ടി തന്റെ ഹൃദയം വേദനിക്കുന്നുവെന്ന് മലാല പോഡിയത്തിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!