KSDLIVENEWS

Real news for everyone

കോവിഡ് മൂന്നാം തരംഗത്തിനു മുന്നോടിയായി ജില്ലയിൽ ഒരുക്കുന്നത് 200 ഓക്സിജൻ ബെഡുകൾ കൂടി

SHARE THIS ON

കാസർകോട് ∙ കോവിഡ് മൂന്നാം തരംഗത്തിനു മുന്നോടിയായി ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അധികമായി ഒരുക്കുന്നത് ഇരുനൂറിലേറെ ഓക്സിജൻ ബെഡുകൾ. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങളും കൂടുതലായി ഒരുക്കും. കാസർകോട് മെഡിക്കൽ കോളജ്, തെക്കിൽ ടാറ്റാ ട്രസ്റ്റ് ഗവ.കോവിഡ് ആശുപത്രി, ജില്ലാ –ജനറൽ –താലൂക്കാശുപത്രികളിലായാണ് ഈ സൗകര്യങ്ങൾ ഏർപ്പെടുത്തുക.

നിലവിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിലും ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും മറ്റുമായി 464 കോവിഡ് ബാധിതരാണു കിടത്തി ചികിത്സയിലുള്ളത്. ഇതിൽ ഓക്സിജൻ നൽകുന്നത് 26 പേർക്കാണ്. 74 ഐസിയു ബെഡുകളും 54 വെന്റിലേറ്ററുകളുമാണു ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നിലവിലുള്ളത്.

ടാറ്റാ ട്രസ്റ്റ് ഗവ. കോവിഡ് ആശുപത്രി

കോവിഡ് ബാധിതരെ മാത്രം ചികിത്സിപ്പിക്കാനായി തുറന്ന തെക്കിലിലെ ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രിയിൽ നിലവിൽ 58 കോവിഡ് ബാധിതരാണുള്ളത്. 200 പേരെ കിടത്തി ചികിത്സിപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. കോവിഡ് വ്യാപനം രൂക്ഷമാവുകയാണെങ്കിൽ അധികമായി 100 പേരെ കൂടി ചികിത്സിപ്പിക്കാനാകും. 40 ഐസിയു ബെഡുകളും 60 ഓക്സിജൻ ബെഡുകളുമാണുള്ളത്.

ഇതിനു പുറമേ കുട്ടികൾക്കായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിലവിൽ ഡോക്ടർമാരുടെയും സ്റ്റാഫ് നഴ്സുമാരുടെയും ശുചീകരണ വിഭാഗ ജീവനക്കാരുടെ ഒഴിവുകൾ ഇല്ലെന്നും എന്നാൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണെങ്കിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

കാസർകോട് മെഡിക്കൽ കോളജ്

മെഡിക്കൽ കോളജ് അക്കാദമി ബ്ലോക്ക് കെട്ടിടത്തിൽ 200 കോവിഡ് ബാധിതരെ ചികിത്സിപ്പിക്കാനുള്ള സൗകര്യമാണുള്ളത്. നിലവിൽ 40 പേരുണ്ട്. 34 ഐസിയു ബെഡും 60 ഓക്സിജൻ ബെഡുകളും ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാരുടെ ഒഴിവുകൾ ഏറെയുണ്ട്. സൂപ്രണ്ട് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട തസ്തികയിൽ ആളില്ല.

ജില്ലാ–ജനറൽ–താലൂക്ക് ആശുപത്രികൾ

ജില്ലാ ആശുപത്രിയിൽ 50 ഓക്സിജൻ ബെഡിനുള്ള സൗകര്യമാണുള്ളത്. മംഗൽപാടി, പൂടംകല്ല്, നീലേശ്വരം, തൃക്കരിപ്പൂ‍ർ താലൂക്കാശുപത്രി എന്നിവിടങ്ങളിൽ 30 വീതമുള്ള ഓക്സിജൻ ബെഡ് ഒരുക്കുന്ന പ്രവൃത്തികൾ പൂർത്തിയാകുന്നുണ്ട്. കാസർകോട് ജനറൽ ആശുപത്രിയിലും ഓക‍്സിജൻ ബെഡിനുള്ള സൗകര്യമുണ്ട്. ഇതിനു പുറമേ അമ്മയും കുഞ്ഞും ആശുപത്രിയിൽ 80 ഓക്സിജൻ ബെഡിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് ഇവിടെ പ്രതിസന്ധിയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!