KSDLIVENEWS

Real news for everyone

കർശന പരിശോധന ഇന്നുമുതൽ വേണം, കാഞ്ഞങ്ങാട് മീൻചന്തയിൽ അടുക്കും ചിട്ടയും

SHARE THIS ON

കാഞ്ഞങ്ങാട്: മീൻവണ്ടികൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നു. അതിൽനിന്ന്‌ മലിനജലമൊഴുകുന്നു. കോംപ്ലക്‌സിന്‌ പുറത്ത് മീൻകച്ചവടം. എല്ലാം തോന്നിയപോലെ. ഇത്‌ കാഞ്ഞങ്ങാട് മീൻചന്തയിലെ കാഴ്ച. ഇത്തരത്തിൽ അടുക്കും ചിട്ടയു ഇല്ലാതെ വില്പന അനുവദിക്കാൻ കഴിയില്ലെന്ന് നഗരസഭ. നഗരസഭാധ്യക്ഷയുൾപ്പടെയുള്ളവർ നേരിട്ടെത്തി ഇത്തരം കാഴ്ചകൾ കണ്ട് ബോധ്യപ്പെടുകയും ഒന്നിലേറെ തവണ വേണ്ടവിധത്തിൽ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തതാണ്. എന്നാൽ അതൊന്നും കാര്യമാക്കാതെ തോന്നിയ മട്ടിൽ ഇവിടെ വില്പന നടക്കുന്നു. തിങ്കളാഴ്ചമുതൽ കർശന നടപടിക്കൊരുങ്ങുകയാണ് നഗരസഭ.

പകൽസമയത്ത് മീൻവണ്ടികൾക്ക്‌ നിരോധനം


മംഗളൂരുവിൽനിന്നും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നും മീൻവണ്ടികളെത്തിയാൽ മണിക്കൂറുകളോളം അത്‌ കാഞ്ഞങ്ങാട് മീൻചന്ത പരിസരത്ത് നിർത്തിയിടും. ഐസ് നിറച്ച പെട്ടികളിലിട്ട മത്സ്യമാണ് വണ്ടിക്കകത്തുണ്ടാകുക. ഇതിൽനിന്ന്‌ മലിനജലം താഴേക്ക്‌ ഒഴുകും. ഇതു മീൻചന്തയുടെ വടക്കുഭാഗത്തെ ചതുപ്പിലേക്ക് ഒഴുകി കെട്ടിക്കിടക്കും. രോഗാണുക്കളുടെ ഉദ്‌ഭവകേന്ദ്രമായി ഈ മലിനജലം മാറുന്നു. ഇനിമുതൽ പുലർച്ചെ മീൻ ഇറക്കി വാഹനം പോകണമെന്നാണ് നഗരസഭ നിർദേശിച്ചിരിക്കുന്നത്.

അകത്ത് ഇരിപ്പിടമുണ്ട്; എന്നിട്ടും…


ഇരിപ്പിടമുൾപ്പെടെ മീൻവില്പനക്കാർക്കുള്ള സൗകര്യങ്ങളെല്ലാം കോംപ്ലക്‌സിലുണ്ട്. എന്നിട്ടും ചിലർ മീൻകൊട്ടകളുമായി കോംപ്ലക്‌സിന്‌ പുറത്തിരിക്കും. നിലത്ത് പ്ലാസ്റ്റിക് ചാക്കോ മറ്റോ വിരിച്ച് അതിൽ മീൻ നിരത്തിവിൽക്കുന്നതും കാണാം. ഇത്‌ കോംപ്ലക്‌സിന്‌ പുറത്ത് മലിനജലം കെട്ടിക്കിടക്കാനിടയാക്കുന്നു. പുറത്തെ വിൽപ്പനയും മലിനജലവും കാരണം മീൻ വാങ്ങാനെത്തുന്നവർക്ക് കോംപ്ലക്‌സിനകത്തേക്ക്‌ പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!