KSDLIVENEWS

Real news for everyone

പിടികൂടിയത് കാടുവളഞ്ഞ്; കുഴിച്ച് മൂടുമ്പോള്‍ ജീവനുണ്ടോയെന്ന് നോക്കിയില്ല, കവറിട്ട് മുഖം മൂടി

SHARE THIS ON

അടിമാലി: പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്ന് അടുക്കളയിൽ കുഴിച്ചുമൂടിയ കേസിലെ പ്രതി പോലീസ് പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന പണിക്കൻകുടി മാണികുന്നേൽ ബിനോയിയെ പെരിഞ്ചാംകുട്ടി സിറ്റിക്ക് സമീപത്തെ വനമേഖലയിൽനിന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് പിടികൂടിയത്.

ഓഗസ്റ്റ് 16-ന് പണിക്കൻകുടിയിൽനിന്ന് മുങ്ങിയ ബിനോയ് വിവിധയിടങ്ങളിൽ കറങ്ങി. തിരികെ പണിക്കൻകുടിയിലെത്തി. സിന്ധു തന്നെ ഉപേക്ഷിച്ചുപോയെന്ന് പോലീസിൽ പറയാൻ തീരുമാനിച്ചു. ഇതിനായി, സെപ്റ്റംബർ മൂന്നിന് ഉച്ചയോടെ പെരിഞ്ചാംകുട്ടിയിലെത്തി. സമീപത്തെ കടയിൽകയറിയപ്പോൾ സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയ വിവരം ടിവി ചാനലിൽകണ്ടു. ഇതോടെ നാട്ടുകാർ തന്നെ തിരിച്ചറിയുമെന്നുകരുതി വനത്തിൽ ഒളിവിലായിരുന്നു.


ബിനോയ് 18 ദിവസത്തെ യാത്രയ്ക്കിടയിൽ പുതിയ സിംകാർഡ് വാങ്ങിയിരുന്നു. ഇത് മനസ്സിലാക്കിയ പോലീസ് അന്നുമുതൽ ലൊക്കേഷൻ പിന്തുടർന്ന് അന്വേഷണം തുടങ്ങിയിരുന്നു. മൂന്നുദിവസമായി ലൊക്കേഷൻ പെരിഞ്ചാംകുട്ടി ടവറിലായിരുന്നു. തിങ്കളാഴ്ച അന്വേഷണസംഘം ഇവിടെയെത്തി കാടുവളഞ്ഞ് പ്രതിയെ പിടിക്കുകയായിരുന്നെന്ന് ഡിവൈ.എസ്.പി. ഇമ്മാനുവൽ പോൾ പറഞ്ഞു. തിങ്കളാഴ്ച മൂന്നുമണിയോടെ സ്റ്റേഷനിലെത്തിച്ചു.

കൊന്നത് കഴുത്തുഞെരിച്ച്


സിന്ധു തന്നെ ഉപേക്ഷിച്ച്, ആദ്യ ഭർത്താവിനൊപ്പം പോകാൻ തീരുമാനിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചു. ഓഗസ്റ്റ് 12-ന് പുലർച്ചെ ഒരുമണിയോടെയാണ് കൊല നടത്തിയത്. നന്നായി മദ്യപിച്ചിരുന്നു. കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊന്നത്.

തെളിവ് നശിപ്പിക്കാനായി വസ്ത്രങ്ങൾ അഴിച്ചുമാറ്റി. വായ് തുറന്നിരുന്നതിനാൽ മണ്ണ് കയറാതിരിക്കാൻ മുളകുനിറച്ചിരുന്ന പ്ലാസ്റ്റിക്ക് കവർകൊണ്ട് മുഖംമൂടി. തള്ളി ഒതുക്കി കുഴിയിലാക്കി മണ്ണിട്ടുമൂടി.

മൂടുമ്പോൾ ജീവനുണ്ടായിരുന്നോയെന്ന് നോക്കിയില്ലെന്നാണ് ബിനോയ് മൊഴി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!