വെള്ളിക്കെട്ടനെ ചുട്ട് ‘ടച്ചിങ്സ്’ ആക്കി; രണ്ട് യുവാക്കള്‍ ഗുരുതരാവസ്ഥയില്‍

റായ്പുർ: കത്തിയ വിഷപ്പാമ്പിനെ കഴിച്ച രണ്ടു യുവാക്കൾ ആശുപത്രിയിൽ. ഛത്തീസ്ഗഢിലെ കോർബ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.
ഗുഡ്ഡു ആനന്ദ്, രാജു ജാങ്ഡെ എന്നിവർ വെള്ളിക്കെട്ടൻ (Indian Krait) വിഭാഗത്തിൽപ്പെടുന്ന പാമ്പിന്റെ തലഭാഗവും വാലുമാണ് ചുട്ടുകഴിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഇരുവരെയും ബന്ധുക്കൾ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാജു പാമ്പിന്റെ തലഭാഗവും ഗുഡ്ഡു വാൽഭാഗവുമാണ് ഭക്ഷിച്ചത്. ഇതിനുശേഷം ഇരുവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതിൽ രാജുവിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാതിവെന്ത പാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.
ഇന്ദിര നഗർ പ്രദേശത്തെ ദേവാംഗൻ പരയിലെ ഒരു വീട്ടിലാണ് വിഷപ്പാമ്പിനെ കണ്ടത്. കുടുംബാംഗങ്ങളിലാരാൾ പാമ്പിനെ പിടികൂടി തീയിലേക്ക് എറിഞ്ഞു. തുടർന്ന് പാതി കത്തിയ പാമ്പിനെ റോഡിലേക്ക് എറിയുകയും ചെയ്തു. അൽപസമയത്തിന് ശേഷം ഇതുവഴി വന്ന മദ്യലഹരിയിലായിരുന്ന ഗുഡ്ഡു ആനന്ദും രാജു ജാങ്ഡെയും പാമ്പിനെ ഭക്ഷിക്കുകയായിരുന്നു.

