ഐഎന്‍എസ് വിക്രാന്ത് തകര്‍ക്കുമെന്ന ഭീഷണി; പ്രതി വലയിൽ; ഉടന്‍ അറസ്റ്റ്

കൊച്ചി∙ പ്രതിരോധ സേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ടു തകര്‍ക്കുമെന്ന് അജ്ഞാത സന്ദേശം ലഭിച്ച സംഭവത്തില്‍ പ്രതി പൊലീസ് വലയിലെന്നു വിവരം. കപ്പല്‍ശാലയിലെ ജീവനക്കാരെ ഉള്‍പ്പടെ ചോദ്യം ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ ജാഗ്രതയോടെയാണ് പൊലീസ് നടപടികള്‍.
വ്യാജ ഐപി ഉപയോഗിച്ചാണ് സന്ദേശം അയച്ചിരിക്കുന്നത് എന്നതിനാല്‍ സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ചാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തിയിരിക്കുന്നത്. അറസ്റ്റ് വൈകാതെയുണ്ടാകുമെന്നും വിവരമുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച പ്രതികരണത്തിന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.
കപ്പല്‍ നിര്‍മാണ ശാലയ്ക്കുള്ളിലെ സ്ഥലങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടിയാണ് തകര്‍ക്കുമെന്ന വ്യാജ സന്ദേശം. അതുകൊണ്ടു തന്നെ സ്ഥാപനത്തിന്റെ ഉള്ളിലുള്ള ആരെങ്കിലുമാണോ പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധന. കപ്പല്‍ശാലയിലെ ഒന്നിലധികം ജീവനക്കാര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എറണാകുളം സൗത്ത് പൊലീസില്‍ പരാതി നല്‍കുന്നത്. പൊലീസ് സൈബര്‍ സുരക്ഷാ സംഘത്തെ ഉള്‍പ്പടെ നിയോഗിച്ചാണ് കേസ് അന്വേഷണം.

