KSDLIVENEWS

Real news for everyone

ലൈസൻസില്ലാതെ കോവിഡ് പരിശോധന; സ്വകാര്യ ലാബ് കലക്ടര്‍ നേരിട്ടെത്തി അടച്ചുപൂട്ടി

SHARE THIS ON

കൊച്ചി∙ ഇടപ്പള്ളിയിൽ ലൈസൻസില്ലാതെ കോവിഡ് പരിശോധന നടത്തിവന്ന സ്വകാര്യ ലാബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി അടച്ചു പൂട്ടി. കൊച്ചിൻ ഹെൽത്ത് കെയർ ഡയഗ്നോസ്റ്റിക് സെന്റർ എന്ന പേരിൽ ചെങ്ങന്നൂർ സ്വദേശിയായ ഡോക്ടർ ടി. വിഷ്ണു നടത്തി വന്ന സ്ഥാപനമാണ് അനധികൃതമെന്നു കണ്ടെത്തിയത്. ലാബ് ഉടമയ്ക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരം കേസെടുക്കുമെന്നു ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു. സ്ഥാപനത്തിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അനധികൃതമായി ലാബ് പ്രവർത്തിക്കുന്നതായി നേരത്തേ പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നു ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും എത്തിയെങ്കിലും അന്വേഷണത്തോടു സഹകരിച്ചില്ലെന്നു മാത്രമല്ല, മോശമായി പെരുമാറുകയും ചെയ്തു. ഇതേ തുടർന്നാണ് കലക്ടർ നേരിട്ടെത്തി പരിശോധന നടത്തിയത്. ആരോഗ്യ വകുപ്പ്, ഡ്രഗ്സ് കൺട്രോൾ വിഭാഗം തുടങ്ങിയവയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു പരിശോധന.

kochi-private-lab-closed

കൊച്ചിയിലെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധന

അനുമതിയില്ലാതെയാണ് ഇവിടെ കോവിഡ് പരിശോധന നടത്തിയിരുന്നത് എന്നാണു കണ്ടെത്തൽ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലും വീഴ്ച വരുത്തി. പിപിഇ കിറ്റുകൾ മാറിമാറി ഉപയോഗിക്കുകയും പരിശോധനാ ഫലത്തിൽ ലാബ് ടെക്നിഷ്യൻ ഒപ്പിട്ടു നൽകിയിരുന്നതും കണ്ടെത്തി. ആന്റിജൻ, ആർടിപിസിആർ പരിശോധനകൾ നടത്തിയിരുന്ന ഇവിടെ പോസിറ്റീവാകുന്നവരുടെ വിവരം സർക്കാർ ഡാറ്റാബേസിലേയ്ക്ക് എത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ എത്ര പേര്‍ ഇവിടെ പോസിറ്റീവായിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു കണക്കുകളും സർക്കാരിനു ലഭിച്ചിട്ടില്ല.

lab-raid-2

കൊച്ചിയിലെ സ്വകാര്യ ലാബിൽ നടന്ന പരിശോധന. ചിത്രം: ഇ.വി. ശ്രീകുമാര്‍

ലാബിലേയ്ക്ക് ഉടമയായ ഡോക്ടർ എത്തിയിട്ട് രണ്ടു മാസമായെന്നു ജീവനക്കാരും സമ്മതിക്കുന്നുണ്ട്. ഒരു നഴ്സാണ‌ു സ്ഥാപന നടത്തിപ്പിനു നേതൃത്വം നൽകിയിരുന്നത്. ഒരു വർഷത്തിലേറെയായി കോവിഡ് പരിശോധന നടത്തുന്ന ഇവിടെ പോസിറ്റീവായവർ നിയന്ത്രണം ഇല്ലാതിരുന്നതിനാൽ സമൂഹത്തിൽ ഇറങ്ങി നടന്നിട്ടുണ്ടാകുമെന്നും ഇത് കോവിഡ് വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ടാകുമെന്നും കലക്ടർ പറഞ്ഞു. ഇത്തരത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

lab-raid-3

കൊച്ചിയിലെ സ്വകാര്യ ലാബിൽ കലക്ടറുടെ നേതൃത്വത്തിൽ നടന്ന പരിശോധന. ചിത്രം: ഇ.വി. ശ്രീകുമാര്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!