KSDLIVENEWS

Real news for everyone

കിരണിന്റെ സഹോദരിയുടെ ഫോണില്‍നിന്ന് നിര്‍ണായക ചാറ്റ് വിവരങ്ങള്‍; ആത്മഹത്യയുടെ വക്കിലാണെന്നും പറഞ്ഞു

SHARE THIS ON

കൊല്ലം : ഭർത്താവിൽനിന്നുള്ള മാനസികപീഡനം താങ്ങാനാകാതെ വിസ്മയ കൂട്ടുകാരോടും ബന്ധുക്കളോടും വാട്സാപ്പ് വഴി നടത്തിയ ചാറ്റുകൾ കേസിൽ പ്രധാന തെളിവാകും. വിവിധയിടങ്ങളിൽനിന്നു ഇത്തരം ചാറ്റുകൾ കണ്ടെടുത്തിരുന്നു. പ്രതി കിരണിന്റെ സഹോദരി കീർത്തിയുടെ ഫോണിൽനിന്നു വിസ്മയ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന ചാറ്റും കണ്ടെത്തിയിരുന്നു. വിസ്മയ മാനസികസമ്മർദ്ദത്താൽ എറണാകുളം സ്വദേശിയായ മനശ്ശാസ്ത്രവിദഗ്ധനോട് സംസാരിച്ചതും പ്രതിയുടെ സ്ത്രീധനസംബന്ധമായ പീഡനത്തെക്കുറിച്ച് പരാതിപറഞ്ഞതും തെളിവായി ഹാജരാക്കിയിട്ടുണ്ട്.

പീഡനം സഹിക്കാനാകാതെ താൻ ആത്മഹത്യയുടെ വക്കിലാണെന്ന് പ്രതിയോട് പറഞ്ഞിട്ടും പ്രതി തുടർന്നും വിസ്മയയെ പീഡിപ്പിക്കുകവഴി ആത്മഹത്യാ പ്രേരണ നൽകിയതായി കുറ്റപത്രം ആരോപിക്കുന്നു. സ്ത്രീധനം ആവശ്യപ്പെടുക, സ്ത്രീധനം വാങ്ങുക എന്നീ കുറ്റങ്ങളും പ്രതി ചെയ്തിട്ടുള്ളതായി പറയുന്നു.


സർക്കാർ ഉദ്യോഗസ്ഥനായ പ്രതി കൂടുതൽ സ്ത്രീധനം കിട്ടുമെന്നുകരുതി വിസ്മയയെ വിവാഹംകഴിച്ചെന്നും എന്നാൽ പ്രതീക്ഷയ്ക്കനുസരിച്ച് സ്ത്രീധനം ലഭിക്കാത്തതിനാൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. സ്ത്രീധനമായി നൽകിയിരുന്ന കാർ പ്രതിക്ക് താത്പര്യമില്ലാത്തതായിരുന്നു എന്നതായിരുന്നു പീഡനത്തിന്റെ പ്രധാനകാരണം. 2020 ഓഗസ്റ്റ് 29-ന് കിഴക്കേ കല്ലടയിൽ സമീപവാസികളുടെ മുന്നിൽവെച്ചും 2021 ജനുവരി രണ്ടിന് വിസ്മയയുടെ വീടിനുമുന്നിൽ അയൽക്കാരുടെ മുന്നിൽവെച്ചും പ്രതി പരസ്യമായി സ്ത്രീധനം സംബന്ധിച്ച അതൃപ്തി പ്രകടമാക്കിയതായി കുറ്റപത്രത്തിൽ പറയുന്നു.

വിസ്മ കേസിന്റെ നാൾവഴി


ജൂൺ 21-ദുരൂഹസാഹചര്യത്തിൽ വിസ്മയയെ ഭർത്തൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.

22-കിരൺകുമാർ അറസ്റ്റിൽ. ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു.

മരണത്തെപ്പറ്റി അന്വേഷിക്കാൻ ദക്ഷിണമേഖലാ ഐ.ജി. ഹർഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തി.


25-വിസ്മയയുടേത് തൂങ്ങിമരണമെന്ന് മൃതദേഹപരിശോധനാ റിപ്പോർട്ട്.

28-ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസ്മയയുടെ വീട് സന്ദർശിച്ചു.

പോലീസ് തെളിവെടുപ്പ് ആരംഭിച്ചു.


29-കിരണിന്റെ വീട്ടിൽ ഡമ്മി പരീക്ഷണം നടത്തി.

ഓഗസ്റ്റ് 6 -കിരൺകുമാറിനെ സർക്കാർ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.

7-ആന്റണി രാജു വിസ്മയയുടെ വീട് സന്ദർശിച്ചു.


കുറ്റപത്രം നൽകിയ ദിവസത്തിന് ഏറെ പ്രാധാന്യം-എസ്.പി.

ശാസ്താംകോട്ട : കിരണിനെ പ്രതിയാക്കിയുള്ള കുറ്റപത്രം നൽകിയത് ലോക ആത്മഹത്യാപ്രതിരോധദിനത്തിലാണെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നെന്ന് റൂറൽ എസ്.പി. കെ.ബി.രവി പറഞ്ഞു.

എല്ലാ പഴുതുകളുമടച്ച് കുറ്റമറ്റ ചാർജ്ഷീറ്റാണ് നൽകിയത്. നിശ്ചിതസമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകിയതിനാൽ കസ്റ്റഡിയിൽത്തന്നെ വിചാരണ നടക്കുമെന്ന പ്രതീക്ഷയാണുള്ളത്. പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!