KSDLIVENEWS

Real news for everyone

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: പാലാ ബിഷപ്പിന് പിന്തുണയുമായി ബിഷപ്‌സ് ഹൗസിന് മുന്നില്‍ റാലി

SHARE THIS ON

കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ബിഷപ്സ് ഹൗസിന് മുന്നിൽ റാലി. ബിഷപ്പിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിവിധ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ച് ബിഷപ്പ് ഹൗസിന് മുന്നിൽ എത്തിയത്.

വിവിധ ക്രൈസ്തവ സംഘടനകൾ, പി.സി ജോർജ്, ബിജെപി പ്രവർത്തകർ, കത്തോലിക്ക കോൺഗ്രസ് പ്രവർത്തകർ എന്നിവർ പിന്തുണയറിയിച്ച് എത്തി. ബിജെപി നേതാക്കളായ എൻ ഹരി, നോബിൾ മാത്യു എന്നിവർ പങ്കെടുത്തു. പി.സി ജോർജാണ് യോഗം ഉദ്ഘാടനം ചെയ്തത്. ഇന്ന് തന്നെ കത്തോലിക്ക സഭയുടെ ജാഥയും നടക്കും.


നേരത്തെ പാലാ രൂപത സഹായമെത്രാനും പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ദീപിക ദിനപത്രത്തിലും ബിഷപ്പിനെ പിന്തുണച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന സന്ദേശം തന്നെയാണ് കത്തോലിക്ക സഭയും നൽകുന്നത്.

കഴിഞ്ഞ ദിവസം ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം സംഘടനകൾ പ്രതിഷേധ ജാഥ നടത്തിയിരുന്നു. ഒരു പ്രത്യേക സമൂഹത്തിന് മേൽ കരിനിഴൽ വീഴ്ത്തുന്നതാണ് ബിഷപ്പിന്റെ പ്രസ്താവനയെന്നും ഒപ്പം കേരളത്തിൽ മതസൗഹാർദം തകർക്കാൻ മാത്രമാണ് ഇത് സഹായകമാവുകയെന്നും പ്രതിഷേധക്കാർ പറഞ്ഞിരുന്നു.


ചേരിതിരിവുണ്ടാകുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ നടത്തരുതെന്നും നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് പോലും ആദ്യമായി കേൾക്കുകയാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ നടത്തിയ പ്രതികരണം.

കേരളത്തിൽ ലൗ ജിഹാദിന് ഒപ്പം നാർക്കോട്ടിക് ജിഹാദും നടപ്പിലാക്കുവാൻ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അതിനാൽ കത്തോലിക്ക വിശ്വാസികൾ കരുതിയിരിക്കണമെന്നുമായിരുന്നു ബിഷപ്പിന്റെ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!