കോവിഡ് മാനദണ്ഡങ്ങൾ കർശനം, പഴുതടച്ച സുരക്ഷ; നീറ്റ് പരീക്ഷ നീറ്റായി

തൃക്കരിപ്പൂർ ∙ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചും പഴുതടച്ച സുരക്ഷയിലും അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ വിവിധ കേന്ദ്രങ്ങളിൽ നടത്തി. ജില്ലയുടെ തെക്കെ അറ്റത്തുളള തൃക്കരിപ്പൂർ മുജമ്മഅ് ഇംഗ്ലീഷ് സ്‌കൂളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള 222 വിദ്യാർഥികൾ പരീക്ഷ എഴുതി.
റജിസ്റ്റർ ചെയ്ത 240 പേർക്കാണ് പരീക്ഷയെഴുതാൻ സൗകര്യമൊരുക്കിയതെങ്കിലും 18പേർ പരീക്ഷയ്ക്ക് എത്തിയില്ല. കോവിഡ് വ്യാപന സാഹചര്യത്തിൽ കർശനമായ നിബന്ധനകൾ സ്കൂൾ മാനേജ്മെന്റ് നടപ്പാക്കി. രോഗ ലക്ഷണം കാട്ടുന്നവർക്ക് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ ആ മുറികൾ ഉപയോഗിക്കേണ്ടി വന്നില്ല. രാവിലെ 11 മുതൽ വ്യത്യസ്ത സമയം നൽകി വിദ്യാർഥികളെ പ്രവേശിപ്പിച്ചു തുടങ്ങി.
കേന്ദ്ര പരീക്ഷാ നിരീക്ഷകൻ ഡോ.ഇഫ്തികർ അഹമ്മദിന്റെ നിരീക്ഷണത്തിലാണ് പ്രവേശന പരീക്ഷ നടത്തിയത്. പരീക്ഷാകേന്ദ്രത്തിൽ അടിയന്തിര ആവശ്യത്തിന് ഐസലേഷനും മറ്റു ആവശ്യങ്ങൾക്കുള്ള സംവിധാനങ്ങളും ഒരുക്കിയതായി സെന്റർ സൂപ്രണ്ട് മുസ്തഫ ഇർഫാനി പറഞ്ഞു. വിദ്യാർഥികൾക്ക് പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിനും ഗതാഗതം,
പാർക്കിങ് സൗകര്യങ്ങൾ ഒരുക്കുന്നതിനും ചന്തേര പൊലീസ്, ജനമൈത്രി വൊളന്റിയർമാർ, സാന്ത്വനം വൊളന്റിയർമാർ തുടങ്ങിയവരുടെ സേവനമുണ്ടായി. രസതന്ത്രവും ജന്തുശാസ്ത്രവും ‘നീറ്റാ’യെങ്കിലും ഉൗർജതന്ത്രം കടു കട്ടിയെന്ന അഭിപ്രായം പല പരീക്ഷാർഥികളിലുമുണ്ടായി. അതിന്റെ ആശങ്കയും പങ്കുവച്ചു

